മാലിന്യ സർവേ നടന്നില്ല; ഉഴപ്പിയ ജീവനക്കാർക്ക് സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: മാലിന്യമുക്ത നഗരത്തിനായി കോർപറേഷൻ പദ്ധതികളും പ്ലാനുകളും തയാറാക്കുമ്പോഴും നഗരത്തിലെ മാലിന്യവത്കരണത്തിന് ഒരു കുറവുമില്ല. കോർപറേഷനുകളിലെ ജൈവ-അജൈവ മാലിന്യ സംസ്കരണ പരിശോധനയും സർവെയും പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന തദ്ദേശ വകുപ്പിന്റെ നിർദ്ദേശവും കോർപറേഷനിൽ നടപ്പായില്ല. ഇതിനു പിന്നാലെ മാലിന്യ സർവേയിൽ ഉഴപ്പിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമരെയാണ് കോർപറേഷൻ വിവിധ സർക്കിളുകളിലേക്കായി സ്ഥലംമാറ്റിയത്. എട്ട് ഹെൽത്ത് ഇൻസ്പെക്ടർമാരുൾപ്പെടെ 24 പേരെയാണ് മാറ്റിയത്. മേയറുടെ വാർഡിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ സ്ഥലം മാറ്റിയത്. നഗരത്തിലെ മാലിന്യ സർവെയിൽ ഉഴപ്പുകയും മാലിന്യ സംസ്കരണത്തിൽ കൃത്യമായ പരിശോധന നടത്താത്തതും ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റം.
100 കിലോയിൽ അധികം മാലിന്യമുണ്ടാകുന്ന ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ് എന്ന വിഭാഗത്തിൽ കൃത്യമായ പരിശോധന നടത്തി റിപ്പോർട്ട് മാസത്തിലൊരിക്കൽ നൽകണമെന്നാണ് സർക്കാർ തലത്തിലെ നിർദ്ദേശം. എന്നാൽ എച്ച്.ഐ, ജെ.എച്ച്.ഐമാർ സമയബന്ധിതമായി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നില്ലെന്ന് കോർപറേഷൻ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളെല്ലാം മാലിന്യ സംസ്കരണ സർവേയും പരിശോധനയും പൂർത്തിയാക്കിയിട്ടും തിരുവനന്തപുരം കോർപറേഷൻ ഉഴപ്പുകയായിരുന്നു. നൂറ് കിലോയിലധികം ജൈവ മാലിന്യമുണ്ടാകുന്ന കേന്ദ്രങ്ങൾ (ഫ്ളാറ്റുകൾ, വ്യാപാര കേന്ദ്രങ്ങൾ, സ്കൂളുകൾ, കോളജുകൾ, ഐ.ടി കമ്പനികൾ, ഹോട്ടലുകൾ, ഓഡിറ്റോറിയം, ഷോപ്പിങ് കോംപ്ളക്സ്, ഹോസ്റ്റലുകൾ തുടങ്ങിയ ഇതിൽ ഉൾപ്പെടും) സ്വന്തമായി മാലിന്യ സംസ്കരണ യൂൻഇറ്റോ മറ്റ് സംവിധാനങ്ങളോ സജ്ജീകരിക്കണമെന്നാണ് വകുപ്പ് പറയുന്നത്. തമിഴ്നാട്ടിൽ മെഡിക്കൽ മാലിന്യമുൾപ്പടെ തള്ളിയ നാണക്കേടിൽ നിന്ന് കരകയറാൻ നഗരസഭ ശ്രമിക്കുമ്പോഴാണ് ഹെൽത്ത് വിഭാഗത്തിന്റെ അനാസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

