മാലിന്യം തള്ളൽ; ആമയിഴഞ്ചാൻ തോട്ടിൽ കാമറകൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: മാലിന്യം തള്ളൽ തടയാൻ ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കണമെന്നും നിരീക്ഷിക്കാൻ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
തോട്ടിലെ മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ കമീഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളെ കേട്ടശേഷമാണ് ഉത്തരവ്.
രാത്രികാലങ്ങളിൽ ഹെൽത്ത് സ്ക്വാഡിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തണം. അവരെ സഹായിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ നൽകാൻ ജില്ല കലക്ടർ സിറ്റി പൊലീസ് കമീഷണറുമായി ബന്ധപ്പെട്ട് നടപടിയെടുക്കണം. ആമയിഴഞ്ചാൻ തോട് തമ്പാനൂർ റയിൽവേ ഭാഗത്തേക്ക് പ്രവേശിക്കുന്ന സ്ഥലത്തുള്ള മെറ്റൽ ഗ്രേറ്റിങ് താഴ്ത്തിവെക്കണമെന്ന റെയിൽവേയുടെ നിർദേശം പരിശോധിക്കണം.
ഈ ഭാഗത്ത് അടിയുന്ന മാലിന്യം ദിവസേന നീക്കംചെയ്യാൻ റെയിൽവേയുടെയും മേജർ ഇറിഗേഷൻ വകുപ്പിന്‍റെയും പ്രതിനിധികളുമായി ചർച്ച നടത്തി ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം) തീരുമാനമെടുക്കണം. കനാലിൽനിന്ന് മാലിന്യം നീക്കം ചെയ്ത് സംസ്കരിക്കാൻ ശുചിത്വമിഷൻ എം-പാനൽ നൽകിയ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കണം.
കെ.എസ്.ആർ.ടി.സി തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്‍റ് സ്ഥാപിക്കാൻ ശുചിത്വ മിഷന്റെ സഹകരണത്തോടെ നടപടിയെടുക്കണം. കമീഷൻ നിർദേശങ്ങൾ ഏകോപിപ്പിക്കാനും ഭാവി പ്രവർത്തനങ്ങൾ വിലയിരുത്താനും ജില്ല കലക്ടർ ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തണം. ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവുകൾ ആവശ്യമെങ്കിൽ ഡപ്യൂട്ടി കലക്ടർ കമീഷന്‍റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ഉത്തരവിൽ പറഞ്ഞു.
തോട്ടിൽ ആളിറങ്ങി മാലിന്യം നീക്കംചെയ്യാൻ കഴിയാത്ത സ്ഥലങ്ങളിൽ ജെൻ റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കാറുണ്ടെന്ന് ശുചിത്വമിഷൻ ഡയറക്ടർ കമീഷനെ അറിയിച്ചു. തമ്പാനൂർ കെ.എസ്.ആർ.ടി.സിയിൽ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശമുണ്ടെന്നും നടപടികൾ സ്വീകരിച്ചുവരികയാണെന്നും ജനറൽ മാനേജർ അറിയിച്ചു.
ജില്ല കലക്ടർ, കോർപറേഷൻ സെക്രട്ടറി, റെയിൽവേ ഡിവിഷനൽ മാനേജർ, സിറ്റി പൊലീസ് കമീഷണർ, മേജർ ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ, ശുചിത്വ മിഷൻ ഡയറക്ടർ, കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡി.ടി.ഒ എന്നിവർക്കാണ് മനുഷ്യാവകാശ കമീഷൻ നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

