നഗരത്തിലെ കഞ്ചാവ് കടത്ത് സംഘങ്ങൾ നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: ആന്ധ്രയിൽനിന്ന് കാറിൽ കടത്തിക്കൊണ്ടു വന്ന 55 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായ സാഹചര്യത്തില്‍ നഗരത്തിലെ കൂടുതൽ കഞ്ചാവ് കടത്ത് സംഘങ്ങൾ പൊലീസ് നിരീക്ഷണത്തിലായതായും തുടരന്വേഷണം ഊര്‍ജിതമാക്കിയതുമായി സിറ്റി പൊലീസ് കമീഷണറുമായ ജി. സ്പർജൻകുമാർ അറിയിച്ചു.
ബീമാപള്ളി വള്ളക്കടവ് പുതുവൽ പുരയിടം സജീർ (23), ബീമാപള്ളി പുതുവൽ പുരയിടം ഫഹദ് (28) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ് എഗെൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്‍റെ സഹായത്തോടെ വിഴിഞ്ഞം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഡെപ്യൂട്ടി പൊലീസ് കമീഷണർ അങ്കിത് അശോകന്‍റെ നേതൃത്വത്തിൽ നടന്നുവരുന്ന നാർകോട്ടിക് ഡ്രൈവിന്‍റെ ഭാഗമായുള്ള അന്വേഷണത്തിൽ കാറിന്‍റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 55 കിലോഗ്രാം കഞ്ചാവുമായാണ് ഇരുവരെയും ചപ്പാത്ത് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മൊത്ത വിതരണശൃംഖലയിലെ കണ്ണികളാണ് പിടിയിലായ പ്രതികൾ. ആന്ധ്ര പ്രദേശിലെ വിജയവാഡയിൽനിന്ന് കുറഞ്ഞ വിലയിൽ കിലോ കണക്കിന് കഞ്ചാവ് എടുത്ത് പലവിധ മാർഗങ്ങളിൽ ഒളിപ്പിച്ച് കടത്തി കേരളത്തിലെത്തിച്ച് വൻ ലാഭം കൊയ്യാന്‍ ഉദ്ദേശിച്ചാണ് ഈ സംഘം കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
നഗരത്തിലെ കഞ്ചാവ് കടത്തു സംഘങ്ങളെ നിരന്തരമായി നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ഈ കഞ്ചാവ് കടത്ത് സംഘം പിടിയിലായത്. ആഴ്ചകളായി ഈ സംഘത്തെ നിരീക്ഷിച്ച സ്പെഷൽ ടീം കഴിഞ്ഞ ദിവസം തമിഴ്നാട് കേരള അതിർത്തിയിൽ നിലയുറപ്പിച്ച് പല സംഘങ്ങളായി തിരിഞ്ഞ് ഇവരെ പിന്തുടർന്ന് ചപ്പാത്ത് ഭാഗത്ത് കൃത്രിമ മാര്‍ഗതടസ്സം സൃഷ്ടിച്ച് ഇവരെ വലയിലാക്കുകയായിരുന്നു.
കാറിൽ രഹസ്യഅറ നിർമിച്ച് കഞ്ചാവ് സൂക്ഷിച്ചശേഷം പല സ്ഥലങ്ങളിലെ ചെക്ക് പോസ്റ്റുകളും എക്സൈസിന്‍റെയും കണ്ണ് വെട്ടിച്ച് സമർഥമായാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. ഇവര്‍ കഞ്ചാവ് കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്‍റ് കമീഷണർ ഷീൻ തറയിലിന്‍റെ നേതൃത്വത്തിൽ സ്പെഷൽ ആക്ഷൻ ഗ്രൂപ് എഗൈൻസ് ഓർഗനൈസ്ഡ് ക്രൈം ടീം എസ്.ഐമാരായ അരുൺ കുമാർ, യശോധരൻ, എ.എസ്.ഐ സാബു, എസ്.സി.പി.ഒമാരായ മണികണ്ഠൻ, വിനോദ്, സജികുമാർ, പ്രശാന്ത്, ലജൻ, സി.പി.ഒമാരായ രഞ്ജിത്, ഷിബു, വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ വിനോദ്, സജികുമാർ, എസ്.സി.പി.ഒമാരായ അജയകുമാർ, സാജൻ, സി.പി.ഒമാരായ സജന്‍, സുധീർ, ദീപു, ഹോം ഗാർഡ് മെൽക്കി സദേക് എന്നിവരടങ്ങിയ സംയുക്ത ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുമായി ബന്ധമുള്ളവരെയും നഗരത്തിലെ മറ്റ് കഞ്ചാവ് മാഫിയ സംഘങ്ങളെയും നിരീക്ഷിച്ചു വരുന്നതായും ഇപ്പോള്‍ പിടിയിലായ കഞ്ചാവ് കടത്തുസംഘത്തിന്‍റെ മറ്റ് ഇടപാടുകൾ സംബന്ധിച്ച തുടരന്വേഷണം ഊർജിതമാക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ജി. സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

