തലസ്ഥാനത്തെ ഞെട്ടിച്ച് ഗുണ്ട ആക്രമണം; നാലംഗ സംഘത്തിന് വെട്ടേറ്റു
text_fieldsrepresentational image
തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ട ആക്രമണം. പേട്ട പാറ്റൂർ നാലുമുക്കിൽ കാർ തടഞ്ഞുനിർത്തി നാലംഗ സംഘത്തെ വെട്ടിപ്പരിക്കേൽപിച്ചു. ഞായറാഴ്ച പുലർച്ച മൂന്നരയോടെയായിരുന്നു സംഭവം. പൂത്തിരി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീൺ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖർ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ നിഥിന്റെ തലയ്ക്ക് വെട്ടേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്ന് പേട്ട പൊലീസ് അറിയിച്ചു.
കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടയുമായ ഓംപ്രകാശും സംഘത്തിൽപെട്ട ഇബ്രാഹിം റാവുത്തർ, ആരിഫ്, മുന്ന, ജോമോൻ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴി. പേട്ട പൊലീസ് വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
റിയൽ എസ്റ്റേറ്റ് കൺസ്ട്രക്ഷൻ ബിസിനസ് നടത്തുന്നയാളാണ് നിഥിൻ. ഇതേ രംഗത്ത് നിൽക്കുന്ന ആരിഫ്, ആസിഫ് എന്നിവരും നിഥിനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഈ വിരോധത്തിൽ ശനിയാഴ്ച രാത്രി മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ മുട്ടടക്ക് അടുത്തുള്ള ആസിഫിന്റെയും ആരിഫിന്റെയും വീട്ടിൽ ശനിയാഴ്ച രാത്രി പത്തരയോടെ നിഥിന്റെ നേതൃത്വത്തിൽ അക്രമം നടത്തിയിരുന്നു.
സംഭവത്തിനു ശേഷം നിഥിനും സംഘവും ശംഖുംമുഖം ഭാഗത്തേക്ക് കടന്നു. ഇതിന് പ്രതികാരം ചെയ്യാൻ നിഥിനെ പിന്തുടർന്ന സംഘം പുലർച്ച പാറ്റൂരിൽ വെച്ച് ഇവരുടെ ഇന്നോവ കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
കാർ തടഞ്ഞുനിർത്തിയ സംഘം വടിവാളും വെട്ടുകത്തിയുമായി ഇറങ്ങി. കാറിന്റെ ഗ്ലാസുകൾ തല്ലിത്തകർത്തു. പിന്നാലെ, വെട്ടുകത്തി ഉപയോഗിച്ച് നിഥിന്റെ തലക്ക് വെട്ടിയതായി പൊലീസ് പറഞ്ഞു. അക്രമത്തിനിരയായവർ സഞ്ചരിച്ച കാർ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമി സംഘത്തിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
ഇവരിൽ നിന്ന് മുഖ്യപ്രതികളിലേക്കെത്താൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ. പ്രതികളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി സി.സി.ടി.വി ദ്യശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇവയുടെ പരിശോധനയിൽ നിന്ന് അക്രമികളെ കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

