പവർകട്ട് പതിവായി: ബാക്കപ്പ് തേടി ജനം; ഇൻവർട്ടറിനും എമർജൻസി ലൈറ്റിനും വൻ ഡിമാൻഡ്
text_fieldsതിരുവനന്തപുരം: വൈദ്യുതി എപ്പോൾ പോകുമെന്നോ എത്രനേരം കഴിഞ്ഞ് വരുമെന്നോ ഉറപ്പില്ലാത്ത സാഹചര്യം തുടരുന്നതിനിടെ, ഇത്രയും നാൾ വലിയ വിൽപനയില്ലാതെ കിടന്ന എമർജൻസി ലൈറ്റുകൾക്ക് ആവശ്യക്കാർ കൂടി. വീടുകളിൽ വൈദ്യുതി ബാക്കപ്പ് ഒരുക്കാനുള്ള തിരക്കിലാണ് പലരും. വൈദ്യുതി പോയാൽ ഇരുട്ടിലാകാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ കൂടുതൽ കുടുംബങ്ങൾ ഇൻവർട്ടറുകൾ വാങ്ങാൻ രംഗത്തെത്തിയതോടെ പ്രധാന വിൽപനശാലുകളിലെല്ലാം തിരക്കാണ്.
ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ വിപണിയിലും പവർകട്ടിന്റെ ആഘാതം നേരിട്ട് പ്രതിഫലിക്കുകയാണ്. തുടർച്ചയായ പവർകട്ടിനൊപ്പം കടുത്ത ചൂടും വൈദ്യുതി ബാക്കപ്പ് ഉപകരണങ്ങളുടെ വിൽപന വർധിക്കാൻ കാരണമായി. ആവശ്യകത ഉയർന്നതോടെ പല വിൽപനശാലകൾക്കും ഡിമാൻഡിന് അനുസരിച്ച് സ്റ്റോക്ക് ഉറപ്പാക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ കാലങ്ങളിൽ പ്രധാനമായും സാമ്പത്തികമായി മുന്നിലുള്ള കുടുംബങ്ങളായിരുന്നു ഇൻവർട്ടറുകളുടെ ഉപഭോക്താക്കളെങ്കിൽ ഇപ്പോൾ ഇടത്തരക്കാരും വലിയ തോതിൽ വാങ്ങാനെത്തുന്നു. കുട്ടികളും പ്രായമായവരുമുള്ള വീടുകളിലാണ് ഇൻവർട്ടറിന് കൂടുതൽ ആവശ്യക്കാരുള്ളത്.
വീടുകൾക്ക് പുറമെ ചെറുകിട വ്യാപാര സ്ഥാപനങ്ങളും ക്ലിനിക്കുകളും വൈദ്യുതി മുടക്കം നേരിടാൻ ഇൻവർട്ടർ വാങ്ങുന്നുണ്ട്. ലിഥിയം ഇൻവർട്ടറുകൾക്കാണ് വിപണിയിൽ കൂടുതൽ ഡിമാൻഡ്. മുൻനിര ബ്രാൻഡുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ഏകദേശം 25,000 രൂപ മുതലാണ് ലിഥിയം ഇൻവർട്ടറുകളുടെ വില. ഇടക്കിടെയുള്ള പവർകട്ട് പതിവായതോടെ സ്റ്റെബിലൈസറുകളുടെ വിൽപനയും വർധിച്ചു. വൈദ്യുതി വോൾട്ടേജിലെ വ്യതിയാനങ്ങളിൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളെ സംരക്ഷിക്കാനാണിത്. എമർജൻസി ലൈറ്റുകൾക്കും റീചാർജബിൾ ഫാനുകൾക്കും ഓൺലൈൻ വിപണിയിലും ആവശ്യക്കാർ വർധിച്ചു. 600 രൂപ മുതലാണ് റീചാർജബിൾ ഫാനുകളുടെ വില. 700 മുതൽ 1,200 രൂപ വരെയാണ് എമർജൻസി ലൈറ്റുകളുടെ വില.
വൈദ്യുതി മുടക്കം പതിവാകുമ്പോൾ അതിനൊപ്പമൊരു ‘ബാക്കപ്പ്’ ജീവിതവും പതിവാകുകയാണ്. പവർകട്ട് എത്രകാലം തുടരുമെന്നതിൽ വ്യക്തതയില്ല. അതിനാൽ വരും ദിവസങ്ങളിലും ഇൻവർട്ടർ, എമർജൻസി ലൈറ്റ്, റീച്ചാർജബിൾ ഫാൻ തുടങ്ങിയവയുടെ ആവശ്യകത ഉയർന്നേക്കുമെന്ന കണക്കുകൂട്ടലിൽ ആവശ്യമായ സ്റ്റോക്ക് നേരത്തെ തന്നെ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

