വായ്പയുടെ പേരിൽ തട്ടിപ്പ്; എതിർത്താൽ ഭീഷണി
text_fieldsതിരുവനന്തപുരം: ഉപഭോക്തൃ ഉൽപന്ന വായ്പയുടെ പേരുപറഞ്ഞ് ബാങ്കുകളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘം സജീവം. എതിർപ്പ് പ്രകടിപ്പിച്ചാൽ വ്യക്തിഹത്യയും ഭീഷണിയും. ഇത്തരം സംഘങ്ങൾക്കെതിരെ പരാതികളുമായി നിരവധി പേർ പൊലീസിനെ സമീപിച്ചു. ചില പ്രധാന ബാങ്കുകളുടെ ഉൾപ്പെടെ പേരിലാണ് തട്ടിപ്പ്. മുമ്പ് വടക്കേ ഇന്ത്യൻ സംഘങ്ങളായിരുന്നു ഇത്തരം തട്ടിപ്പുകൾ നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രീകൾ ഉൾപ്പെട്ട മലയാളികളടങ്ങിയ സംഘങ്ങളാണ് തട്ടിപ്പിന് പിന്നിൽ. ആളുകളെ ഭീഷണിപ്പെടുത്തി പണം ഈടാക്കുകയും തയാറായില്ലെങ്കിൽ വ്യക്തിഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് സംഘം ചെയ്യുന്നത്.
ഒരു വായ്പയും എടുക്കാത്തവരെയടക്കം തട്ടിപ്പുകാർ ബന്ധപ്പെടുന്നു. ഉപഭോക്തൃ ഉൽപന്നങ്ങളുടെ ഇ.എം.ഐ മുടങ്ങിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പ്. ആദ്യം വാട്സ്ആപ്, അല്ലെങ്കിൽ മൊബൈൽ നമ്പറിലേക്ക് ഒരു സന്ദേശം വരും. നിങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നുമാകും സന്ദേശത്തിന്റെ ഉള്ളടക്കം. കൂടുതൽ വിവരങ്ങൾക്ക് സന്ദേശത്തിനൊപ്പം നൽകിയിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടാനും നിർദേശിക്കും. നിയമനടപടികൾ ഉൾപ്പെടെ കൈക്കൊള്ളും എന്ന മുന്നറിയിപ്പ് കാണുന്നതോടെ പലരും ഭയന്ന് ഈ നമ്പറിലേക്ക് വിളിക്കും.
അപ്പോഴാണ് അടിയന്തരമായി നിശ്ചിത തുക അടക്കാൻ ആവശ്യപ്പെടുന്നത്. എതിർപ്പ് പ്രകടിപ്പിച്ചാൽ പിന്നെ ഭീഷണിയുടെ സ്വരം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ തങ്ങളുടെ പക്കലുണ്ടെന്നും അപമാനിക്കുമെന്ന ഭീഷണിയും അവർ ഉയർത്തും. ഇതിൽ ഭയപ്പെട്ട് പലരും പണം കൊടുക്കാൻ നിർബന്ധിതരാവുന്നു. തലസ്ഥാന നഗരിയിലെ പ്രമുഖ സ്ഥാപനത്തിലെ ജോലിക്കാരിയായ സ്ത്രീക്ക് ഇത്തരത്തിലുള്ള സന്ദേശം വെള്ളിയാഴ്ച രാവിലെ ലഭിച്ചു. തുടർന്ന് അവർ സന്ദേശം വന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. ആരാണെന്ന കാര്യങ്ങൾ ചോദിച്ചപ്പോൾ മറുപടി നൽകിയില്ല.
തുടർന്ന് അവരുടെ വാട്സ്ആപ്പിലേക്ക് കാൾ വന്നു. കാളെടുത്തപ്പോൾ എതിർവശത്ത് ഒരു സ്ത്രീയായിരുന്നു. താൻ വയ്പയൊന്നും എടുത്തില്ലെന്ന് പറഞ്ഞപ്പോൾ വ്യക്തിവിവരങ്ങൾ പക്കലുണ്ടെന്നും ഇത് പുറത്തുവിടുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതിയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

