കന്റോൺമെന്റ് അസി.കമീഷണർക്ക് നാല് ഗൺമാൻ!; നെയിംബോർഡും വേണ്ട
text_fields1. കാസർകോട് എം.ഡി.എം.എ കേസിലെ പ്രതികളെ സർക്കാർ രക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഡി.ജി.പി ഓഫീസിലേക്ക്, 2. എസ്.എഫ്.ഐ സമരത്തെ നേരിടാൻ നെയിം ബോർഡ് ഇല്ലാതെ എത്തിയ പൊലീസുകാരൻ
ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നു
തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ കന്റോൺമെന്റ് അസി. പൊലീസ് കമീഷണർക്ക് സഹായത്തിനായി നാല് ഗൺമാൻമാർ, അവർക്കാകട്ടെ നെയിംബോർഡ് പോലും വേണ്ട. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് പരിധിയിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ അസി. കമീഷണർ ജയചന്ദ്രനാണ് ‘വൻ സുരക്ഷ’. സിറ്റി പൊലീസ് കമീഷണർക്ക് പോലും ഇത്രയും ഗൺമാൻമാരില്ലെന്ന് പൊലീസുകാർ തന്നെ പറയുന്നു. പുതിയ സർക്കാർ അധികാരത്തിലേറി രണ്ട് ഗൺമാൻമാരെ ഇദ്ദേഹത്തിനായി അനുവദിച്ചെങ്കിലും കഴിഞ്ഞസർക്കാറിന്റെ കാലത്ത് അസി. കമീഷണർക്കായി ക്യാമ്പിൽ നിന്നും നിയോഗിക്കപ്പെട്ട രണ്ട് ഗൺമാൻമാരെ ഇതുവരെ മടക്കി അയച്ചിട്ടില്ല. ഇതോടെ ഗൺമാൻമാർ നാലായെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പുതുതായി നിയോഗിക്കപ്പെട്ട ഗൺമാൻമാരെയാകട്ടെ ട്രെയിനികൾ എന്ന നിലയിലാണ് ഇപ്പോൾ പരിഗണിക്കുന്നതും. മുമ്പുണ്ടായിരുന്ന ഗൺമാൻമാർക്ക് കാര്യങ്ങളും സ്ഥലങ്ങളുമെല്ലാം അറിയാമെന്നതാണ് അവരെ തനിക്കൊപ്പം നിർത്താൻ കാരണമായി എ.സി.പി. പറയുന്നതും.
ഇക്കാര്യം സിറ്റി പൊലീസ് കമീഷണറുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും മുൻ സർക്കാറിന്റെ കാലത്ത് നിയോഗിച്ച ഗൺമാൻമാരെ മാതൃ യൂനിറ്റിലേക്ക് മടക്കിയയക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നിയോഗിക്കപ്പെട്ട ഗൺമാൻമാരാകട്ടെ നെയിംബോർഡ് പോലും ധരിക്കാറില്ലത്രേ. ഇന്നലെ എസ്.എഫ്.ഐ പ്രവർത്തകർ കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് നേരിടാനെത്തിയ പൊലീസ് സംഘത്തിന് നേതൃത്വം നൽകിയ കന്റോൺമെന്റ് എ.സിക്കൊപ്പമുണ്ടായിരുന്ന ഗൺമാന് നെയിംബോർഡ് പോലുമില്ലായിരുന്നു.
മാർച്ചിനിടയിലെ അതിക്രമത്തിന്റെ ചിത്രമെടുക്കാൻ തുനിഞ്ഞ പത്രഫോട്ടോഗ്രാഫർമാരെ കായികമായി നേരിടാനും ഹലീൽ എന്ന ഈ ഗൺമാൻ ശ്രമിച്ചതായി പരാതിയുണ്ട്.
പൊലീസുകാർ തങ്ങളുടെ പേര് വ്യക്തമാക്കുന്ന നെയിംബോർഡ് ധരിക്കണമെന്നാണ് വ്യവസ്ഥ. നെയിംബോർഡ് വെക്കാത്ത കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കൂട്ടിയപ്പോൾ അസി. കമീഷണറെയും കൂട്ടിവന്ന് ചിത്രമെടുപ്പിച്ച് ഈ ഗൺമാൻ പരിഹസിച്ചതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

