വിദേശ വനിത കൊലക്കേസ്; കുറ്റം നിഷേധിച്ചു; നുണപരിശോധന ആവശ്യപ്പെട്ട് പ്രതികൾ
text_fieldsതിരുവനന്തപുരം: കുറ്റം ചെയ്തിട്ടില്ലെന്നും തങ്ങളെയും അന്വേഷണ ഉദ്യോഗസ്ഥരെയും നുണപരിശോധനക്ക് വിധേയരാക്കണമെന്നുമുള്ള ആവശ്യവുമായി വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ. കോടതി വിധി പറയുന്നതിനിടെയാണ് പ്രതികളായ ഉമേഷും ഉദയകുമാറും ഈ ആവശ്യം ഉന്നയിച്ചത്.
യഥാർഥ കുറ്റവാളികൾ തങ്ങളല്ലെന്നും സംഭവം നടക്കുമ്പോൾ പ്രദേശത്തുനിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നതായും പ്രതികൾ വിളിച്ചുപറഞ്ഞു. ഇത് പറയുമ്പോൾ ഇരുവരും ക്ഷുഭിതരായിരുന്നു.
പൊലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ യഥാർഥ കുറ്റവാളികൾ പിടിയിലാകുമായിരുന്നു. അതുണ്ടായില്ല. കേസന്വേഷിച്ച പൊലീസുകാരെ നുണപരിശോധനക്ക് വിധേയമാക്കിയാൽ കാര്യങ്ങൾ വ്യക്തമാകുമായിരുന്നെന്നും അവർ പറഞ്ഞു. എന്നാൽ, പ്രതികളുടെ വാദം കോടതിയും പ്രോസിക്യൂഷനും തള്ളി.
ഇക്കാര്യം ആവശ്യപ്പെടാൻ പ്രതികൾക്ക് മുമ്പ് നിരവധി അവസരങ്ങളുണ്ടായിരുന്നെന്നും ഇപ്പോൾ ഇക്കാര്യങ്ങൾ പറയുന്നത് രക്ഷപ്പെടാനാണെന്നും കേസന്വേഷണത്തിന് നേതൃത്വം നൽകിയ എ.ഡി.ജി.പി മനോജ് എബ്രഹാം, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി ദിനിൽ എന്നിവർ പ്രതികരിച്ചു.
വിനോദസഞ്ചാരികൾക്കുനേരെ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാൻ കഴിയുന്ന വിധിയുണ്ടാകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും പ്രതിഭാഗം വാദിച്ചു. പ്രായവും ജീവിത പശ്ചാത്തലവും പരിഗണിച്ച് വധശിക്ഷ നൽകരുതെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾകൂടി പരിഗണിച്ചാണ് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്.
സംഭവത്തിന്‍റെ നാൾവഴികൾ:
ആയുർവേദ ചികിത്സക്കായി കേരളത്തിലെത്തിയ ലാത്വിയൻ യുവതിയെ 2018 മാർച്ച് 14നാണ് കാണാതായത്. കടുത്ത വിഷാദരോഗത്തെ തുടർന്നാണ് യുവതിയെ സഹോദരിയും ഭർത്താവും ചികിത്സക്കായി കേരളത്തിലെത്തിച്ചത്. ലാത്വിയയിലാണ് കുടുംബമെങ്കിലും അയർലൻഡിലായിരുന്നു താമസം.
ഹോട്ടൽ മാനേജ്മെന്റ് രംഗത്താണ് യുവതിയും സഹോദരിയും പ്രവർത്തിച്ചിരുന്നത്. ഇന്റർനെറ്റിലൂടെ പോത്തൻകോട്ടെ ആയുർവേദ സെന്ററിനെക്കുറിച്ചറിഞ്ഞ് അവിടെയെത്തി. മാർച്ച് 14ന് രാവിലെ ഒമ്പതിന് പതിവുപോലെ നടക്കാനിറങ്ങിയ യുവതിയെ കാണാതായി. അന്നുതന്നെ സഹോദരിയും ആശുപത്രി ജീവനക്കാരും കോവളം, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
കാര്യമായ അന്വേഷണം ഉണ്ടായില്ല. ഓട്ടോറിക്ഷയിൽ കോവളം ബീച്ചിലെത്തിയ യുവതി 800 രൂപ ഓട്ടോറിക്ഷക്കാരന് നൽകിയെന്നും തുടർന്ന് നടന്നുപോയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കോവളത്തെ ചില സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. വിഷാദരോഗിയായ യുവതി കടലിൽ അപകടത്തിൽപെട്ടിരിക്കാമെന്ന സാധ്യതയിൽ കടൽത്തീരങ്ങൾ മാത്രം കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ ആദ്യഘട്ട അന്വേഷണം.
ചൂണ്ടയിടാൻപോയ യുവാക്കൾ 37 ദിവസത്തിനുശേഷം അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഡി.എൻ.എ പരിശോധനയിലൂടെയും വസ്ത്രങ്ങളിലൂടെയും മരിച്ചത് വിദേശവനിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സമീപത്ത് ശീട്ടുകളിച്ചിരുന്ന ആളുകളാണ് ആദ്യം പ്രതികളെക്കുറിച്ച് സൂചന നൽകിയത്.
പ്രതികളുടെ വീടിനടുത്തുള്ളവരും നിർണായക വിവരങ്ങൾ നൽകി. കോവളം ബീച്ചിൽനിന്ന് വാഴമുട്ടത്തെ കണ്ടൽക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്.
സുഹൃത്തായ ഉദയനുമൊത്ത് യുവതിക്ക് ലഹരി മരുന്ന് നൽകി കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. വൈകീട്ടോടെ ബോധം വീണ്ടെടുത്ത യുവതി കണ്ടൽക്കാട്ടിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം.
ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം സമീപത്തുള്ള മരത്തിൽ കാട്ടുവള്ളി ഉപയോഗിച്ച് കെട്ടിത്തൂക്കി. പിന്നീടുള്ള പല ദിവസങ്ങളിലും പ്രതികൾ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിച്ചു. ദിവസങ്ങൾ കഴിഞ്ഞ് വള്ളി അഴുകിയതിനെതുടർന്ന് ശരീരം പൊട്ടിവീണു. ശിരസ്സ് അറ്റുപോയി. ഉമേഷ് ലഹരി മരുന്ന്, അടിപിടി ഉൾപ്പെടെ 13 കേസിലും ഉദയൻ ആറു കേസിലും പ്രതിയാണ്. ഉമേഷ് സ്ത്രീകളെയും ആൺകുട്ടികളെയും ഉൾപ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

