കണക്കുകൾ സമർപ്പിക്കുന്നില്ല; ഫിഷറീസ്സംഘങ്ങൾക്കെതിരെ വടിയെടുത്ത് ഡയറക്ടർ
text_fieldsതിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളുടെ വർഷാവസാന കണക്കുകളും സ്റ്റേറ്റ്മെന്റുകളും സമർപ്പിക്കുന്നതിൽ ഗുരുതരവീഴ്ച സംഭവിക്കുന്നുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ കർശന നിർദേശവുമായി ഫിഷറീസ് ഡയറക്ടർ. വർഷാവസാന കണക്കുകൾ കേരള സഹകരണചട്ടം 33 പ്രകാരം യാഥാസമയം രജിസ്ട്രാർ മുമ്പാകെ സമർപ്പിക്കമെന്നാണ് നിയമം. മത്സ്യ സഹകരണ സംഘങ്ങളിൽ ഇത് പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാണ് ഫിഷറീസ് ഡയറക്ടറുടെ ഇടപെടൽ.
പല സഹകരണ സംഘങ്ങളും ചട്ടപ്രകാരമുള്ള സ്റ്റേറ്റ്മെന്റുകളും റിട്ടേണുകളും യഥാസമയം തയാറാക്കി സമർപ്പിക്കാത്തതിനാൽ ഓഡിറ്റ് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. നിരവധി സംഘങ്ങളിൽ ഓഡിറ്റ് കൃത്യമായി നടക്കുന്നുമില്ല. ഇതുമൂലം മാനദണ്ഡപ്രകാരം പല അനുകൂല്യങ്ങളും സംഘങ്ങൾക്ക് ലഭിക്കാതെയും വരുന്നു.
വർഷാവസാന കണക്കുകൾ സാമ്പത്തിക വർഷം അവസാനിച്ച് മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന വ്യവസ്ഥ മത്സ്യസഹകരണ സംഘങ്ങളിലെ ചീഫ് എക്സിക്യൂട്ടീവുമാർ പാലിക്കുന്നില്ലെന്ന് ഇതുസംബന്ധിച്ച് ഫിഷറീസ് ഡയറക്ടറുടെ സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട യൂനിറ്റ് ഇൻസ്പെക്ടർമാർ അവരുടെ ഉത്തരവാദിത്തം നിർവഹിക്കാത്ത സ്ഥിതിയുമുണ്ട്. ഇൗ സാഹചര്യത്തിൽ ഓരോ യൂനിറ്റിലേയും ഇൻസ്പെക്ടർമാർ തങ്ങളുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ കണക്കുകൾ സമർപ്പിക്കുന്നുവെന്ന് ഉറപ്പാക്കി പ്രത്യേകം ഫയലിൽ തരംതിരിച്ച് സൂക്ഷിക്കണം.
ഫിഷറീസ് അസി. രജിസ്ട്രാറുടെ ഓഫിസിൽ സൂക്ഷിക്കുന്ന ഓരോ യൂനിറ്റിലേയും സംഘങ്ങളെ സംബന്ധിക്കുന്ന ജനറൽ ഇൻഫർമേഷൻ രജിസ്റ്ററിലും കണക്കും മറ്റു വിവരങ്ങളും ഉൾപ്പെടുത്തണം. ഇക്കാര്യങ്ങൾ ആഗസ്റ്റ് 31നകം യൂനിറ്റ് ഇൻസ്പെക്ടർമാർ ഫിഷറീസ് അസി. രജിസ്ട്രാർക്കും അവർ മേഖല രജിസ്ട്രാർമാർക്കും നൽകേണ്ടതുണ്ട്. മേഖലതല വിവരങ്ങൾ ക്രോഡീകരിച്ച് ഫിഷറീസ് രജിസ്ട്രാർക്ക് നൽകാനും സർക്കുലറിൽ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

