മുന്നിൽ ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി; കുട്ടികൾക്ക് കളിയും കൗതുകവും
text_fieldsതൈക്കാട് ഗവ. എച്ച്.എസ്. എൽ.പി സ്കൂളിലെത്തിയ ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി
അന്ന മജ ഹെൻറിക്സൺ ഒന്നാംക്ലാസിലെ കുട്ടികളുമായി സംസാരിക്കുന്നു
തിരുവനന്തപുരം: ‘ഇഷ്ടമുള്ള പൂവേതാണ് ടീച്ചർ?’-ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്സണോട് ചോദിച്ചുകഴിഞ്ഞപ്പോഴാണ് ഒന്നാം ക്ലാസുകാരി നിരഞ്ജനക്ക് അവർ മന്ത്രിയാണെന്ന് ഓർമ വന്നത്. നാണത്തിൽ കുതിർന്ന ചിരിയിൽ അവളുടെ മുഖത്ത് കൂടുതൽ ഓമനത്തം നിറഞ്ഞു. കുട്ടിക്കൂട്ടുകാരിലേക്കും ഓമനച്ചിരികൾ പടർന്നു.
ടീച്ചറെന്ന വിളി കേട്ടപ്പോൾ അന്നയുടെ കണ്ണുകളിൽ വാത്സല്യം കിനിഞ്ഞു. ഫിൻലൻഡിൽനിന്ന് മന്ത്രിക്കൊപ്പം വന്നവരും ടീച്ചർമാരും സംസ്ഥാന സർക്കാറിലെ ഉദ്യോഗസ്ഥരും പുഞ്ചിരി പങ്കിട്ടു. നിരഞ്ജനയുടെ ചോദ്യത്തിന് ‘റോസ്’ എന്ന് മറുപടി കൊടുത്തതും പിന്നാലെ അടുത്ത ചോദ്യമെത്തി, ‘ഏതു നിറമുള്ള റോസാപ്പൂ?’. അന്ന മജ അതിനും മറുപടി നൽകി. കുട്ടികൾക്ക് ഹായ് നൽകിയും കൈവീശി കാണിച്ചും അന്ന മജയും സംഘവും തൈക്കാട് ഗവ. എച്ച്.എസ്.എൽ.പി സ്കൂളിലെ എല്ലാ ക്ലാസുകളിലുമെത്തി.
വിദ്യാഭ്യാസം രസകരമായി ചെയ്യാനാകുന്നത് കുട്ടികൾക്ക് ഏറെ സന്തോഷം നൽകുമെന്ന് അന്ന മജ പിന്നീട് അധ്യാപകരുമായി നടന്ന ആശയസംവാദ പരിപാടിയിൽ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാനവാസ്, അഡി. ഡയറക്ടർ സന്തോഷ് കുമാർ, ഡി.ഇ.ഒ സുരേഷ് ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

