സീനിയർ മർദിച്ച വനിത അഭിഭാഷകക്ക് സ്വതന്ത്ര വക്കീൽ കുപ്പായം
text_fieldsതിരുവനന്തപുരം: സീനിയർ അഭിഭാഷകന്റെ മർദനത്തിനിരയായ വനിത അഭിഭാഷക ശ്യാമിലിക്ക് ഇനി സ്വതന്ത്ര വക്കീൽക്കുപ്പായം. മറ്റൊരു അഭിഭാഷകനൊപ്പം ചേർന്ന് വഞ്ചിയൂരിൽ ശ്യാമിലി പുതിയ ഓഫിസ് തുറന്നു. ‘നമ്മൾ തോറ്റാൽ അത് കണ്ട് ചിരിക്കാൻ കുറേപേരുണ്ടാകും. അവർക്കുള്ള മികച്ച മറുപടിയാണ് ഇരട്ടി ആവേശത്തിൽ മുന്നേറുകയെന്നത്'- വഞ്ചിയൂർ കോടതിക്ക് സമീപത്തെ തന്റെ പുതിയ ഓഫിസിലിരുന്ന് അഡ്വ. ശ്യാമിലി പറഞ്ഞു.
സീനിയർ അഭിഭാഷകനായ അഡ്വ. ബെയ്ലിൻദാസ് ക്രൂരമായി മർദിച്ച സംഭവം നടന്ന് ഒരുമാസം പിന്നിട്ടപ്പോഴാണ് കറുത്തകുപ്പായമണിഞ്ഞ് അഡ്വ. ശ്യാമിലി സ്വതന്ത്ര അഭിഭാഷകയായി കോടതിയിൽ എത്തിയത്. ബുധനാഴ്ചയാണ് ശ്യാമിലിയുടെ പുതിയ ഓഫിസ് പ്രവർത്തനം ആരംഭിച്ചത്. 'ഒരു പുതിയ തുടക്കമാണിത്. അത്രക്ക് ഇഷ്ടപ്പെട്ട് പഠിച്ചതാണ്. എൻറോൾ ചെയ്തിട്ട് മൂന്നുവർഷമായി. ഇനി ഒരാളുടെ കീഴിൽ ജൂനിയറായിരിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
വഞ്ചിയൂർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന് എതിർവശത്തായി അഡ്വ. ഗോവിന്ദിനൊപ്പം ചേർന്നാണ് പുതിയ ഓഫിസ് തുടങ്ങിയത്. കേസ് അതിന്റെ വഴിക്ക് നടക്കുന്നുണ്ട്. ആ സംഭവത്തിൽ തകർന്നുപോയ എനിക്ക് പിന്തുണയുമായി സുഹൃത്തുക്കളും കുടുംബവും ഒപ്പമുണ്ടായിരുന്നു. എല്ലാം മതിയാക്കാമെന്ന് ഒരു ഘട്ടത്തിൽ കരുതിയ എന്നെ തിരികെ ഈ മേഖലയിലേക്ക് കൊണ്ടുവന്നതും ആത്മവിശ്വാസം നൽകിയതും അവരാണെന്നും അഡ്വ. ശ്യാമിലി പറഞ്ഞു.
ക്രിമിനൽ അഭിഭാഷകയാണെങ്കിലും എല്ലാത്തരം കേസുകളും കൈകാര്യം ചെയ്യാനാണ് ഉദ്ദേശ്യമെന്നും ശ്യാമിലി പറയുന്നു. മേയ് 13നാണ് സീനിയർ അഭിഭാഷകൻ ശ്യാമിലിയെ ക്രൂരമായി മർദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

