എഫ്.സി.ആർ.എ ഭേദഗതി: ക്രൈസ്തവ സഭകൾ ആശങ്കയിൽ; സംസ്ഥാന ബി.ജെ.പിക്ക് തിരിച്ചടി
text_fieldsതിരുവനന്തപുരം: ക്രൈസ്തവ പ്രീണനത്തിലൂടെ രാഷ്ട്രീയ വേരോട്ടം സ്വപ്നം കാണുന്ന കേരളത്തിലെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി കേന്ദ്രസർക്കാറിന്‍റെ എഫ്.സി.ആർ.എ ചട്ട ഭേദഗതികൾ. നിയമസഭ തെരഞ്ഞെടുപ്പിലുൾപ്പെടെ വിഷയം ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ ബി.ജെ.പിയിൽ അവിശ്വാസം പ്രകടിപ്പിച്ച് പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് ക്രൈസ്തവ സഭകൾ.
തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍റെ അപേക്ഷയിലാണ് ഭേദഗതി കേന്ദ്രസർക്കാർ നീട്ടിയത്. എന്നാൽ, ഇപ്പോൾ ഭേദഗതി കൊണ്ടുവന്നത് അക്ഷരാർഥത്തിൽ സംസ്ഥാന ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. ഇതോടെ ക്രൈസ്തവ വിഭാഗത്തിലേക്ക് ഇറങ്ങാനുള്ള ശ്രമം അവസാനിക്കുമെന്ന ആശങ്കയാണ് പാർട്ടിക്ക്.
നിയമഭേദഗതിയിൽ ക്രൈസ്തവ വിഭാഗം കടുത്ത ആശങ്കയിലാണ്. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിക്കെതിരെ രൂക്ഷവിമർശനമാണ് കത്തോലിക്ക, ഓർത്തഡോക്സ് സഭകൾ നടത്തിയത്. കെ.സി.ബി.സിയും കത്തലിക് അസോസിയേഷനും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഞായറാഴ്ച രാജ്യവ്യാപകമായി പ്രാർഥനായോഗത്തിനും കത്തോലിക്കാ സഭ തീരുമാനിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള നീക്കമായാണ് സി.ബി.സി.ഐയും കാണുന്നത്.
മുസ്ലിം സമുദായത്തിന്‍റെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പിച്ച ബി.ജെ.പി, ക്രൈസ്തവ വോട്ടിലൂടെയുള്ള വേരോട്ടമാണ് സ്വപ്നം കാണുന്നത്. അതിനായി ക്രിസ്ത്യൻ ഔട്ട് റീച്ച് ഉൾപ്പെടെ നടത്തിയിരുന്നു. സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ നേരിട്ട് മുൻകൈയെടുത്ത് എഫ്.സി.ആർ.എ വിഷയത്തിൽ ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കുമെന്നാണ് നേതൃത്വം തെരഞ്ഞെടുപ്പിന് മുമ്പ് അവകാശപ്പെട്ടത്. എന്നാൽ, അത്തരം നീക്കവും കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ക്രൈസ്തവ സഭകൾ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

