കടലിലെ രക്ഷാ പ്രവർത്തനത്തിൽ ഗുരുതര വീഴ്ച: അന്വേഷണം വേണമെന്ന് ബിനോയ് വിശ്വം
text_fieldsസി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
തിരുവനന്തപുരം: കടലിൽ അപകടമുണ്ടായതിന്റെ ആദ്യഘട്ടത്തിൽ രക്ഷാ പ്രവർത്തനത്തിലുണ്ടായ ഗുരുതര വീഴ്ചയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കടൽ സുരക്ഷയിലുണ്ടായ അനാസ്ഥക്കെതിരെ മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യതൊഴിലാളികളെ കാണാതായാൽ ആനുകൂല്യം നൽകുന്നതിന് ഏഴ് വർഷമെടുക്കും. അത്തരം നിയമത്തിൽ മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ കഴമ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കൾക്ക് തൊട്ടടുത്ത നാളുകളിൽ തന്നെ ആനുകൂല്യങ്ങൾ നൽകിയിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കടൽ സുരക്ഷക്കുള്ള സംവിധാനങ്ങളിൽ കടലിനെ അറിയുന്നവരെകൂടി പങ്കാളികളാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യ ബന്ധനം നിരോധിക്കുന്ന ദിവസങ്ങളിലെ തൊഴിൽ നഷ്ട വേതനം പോലും നിലവിൽ നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ആർ. പ്രസാദ്, സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി. ഇടമന, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ്, സംസ്ഥാന സെക്രട്ടറി ആർ. സജിലാൽ, ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ സോളമൻ വെട്ടുകാട്, എം.കെ. ഉത്തമൻ, ഹഡ്സൺ ഫെർണാണ്ടസ്, ഡി. ടൈറ്റസ്, കെ.രാജീവൻ എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

