ഇടി-മിന്നലില്‍ വ്യാപക നാശനഷ്ടം; വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു
text_fieldsമിന്നേലറ്റ് ഇലഞ്ഞിമൂട് വീട്ടിലെ ഫാന്‍ കത്തി കരിഞ്ഞ നിലയിൽ, വീടിന്റെ കൈവരികള്‍ തകര്‍ന്ന നിലയിൽ
മെഡിക്കല്‍ കോളജ്: മുറിഞ്ഞപാലത്ത് തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടി-മിന്നലില്‍ പത്തോളം വീടുകളിലെ വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. മുറിഞ്ഞപാലം ഇലഞ്ഞിമൂട് ലെയിനിലെ വീടുകളിലാണ് ഇടി-മിന്നലിന്റെ ശക്തമായ ആഘാതമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് 4.15 ഓടെയാണ് മഴ ആരംഭിച്ചത്. തുടര്‍ന്നുണ്ടായ ഇടി-മിന്നല്‍ തീഗോളം പോലെ പതിക്കുകയായിരുന്നുയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഇലഞ്ഞിമൂട് ലെയിനില്‍ അശ്വതിയില്‍ ലേഖയുടെ വീടിനോട് ചേര്‍ന്ന് നിന്ന തെങ്ങ് കത്തി. വീടിനു മുകള്‍ ഭാഗത്തെ കൈവരി തകര്‍ന്നു വീണു. വീട്ടിലെ ഫാനുകൾ, ലൈറ്റുകള്‍, ടി.വി സെറ്റ്, ഇ.എല്‍.സി.ബി എന്നിവയും കത്തി നശിച്ചു. വയറിങ് പൂര്‍ണമായും ഉരുകിയ നിലയിലാണ്. ഇലഞ്ഞിമൂട് ലെയിനിലെ പത്തോളം വീടുകളില്‍ ഇടി-മിന്നല്‍ നാശം വിതച്ചു.

