കൊള്ളപ്പലിശ റെയ്ഡ്; ആധാരം, ബ്ലാങ്ക് ചെക്ക്, കറൻസി പിടിച്ചെടുത്തു
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അമിതപലിശ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സ്പെഷൽ ഡ്രൈവ് നടത്തി പൊലീസ്. വസ്തുവിന്റെ ആധാരം, ബ്ലാങ്ക് ചെക്കുകൾ, കറൻസി തുടങ്ങിയവ പിടിച്ചെടുത്തു. റൂറൽ ജില്ല പെലീസ് മേധാവി സുദർശൻ കെ.എസിന്റെ നിർദ്ദേശാനുസരണമായിരുന്നു റെയ്ഡ്. കല്ലമ്പലം, പാങ്ങോട്, പാലോട്, കിളിമാനൂർ, കടയ്ക്കാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു.
വസ്തു ആധാരങ്ങൾ, കറൻസി നോട്ടുകൾ പ്രോമിസറി നോട്ടുകൾ, ചെക്ക് ലീഫുകൾ, ആർ.സി ബുക്കുകൾ മുദ്രപത്രങ്ങളൾ തുടങ്ങിയവ പിടിച്ചെടുത്തു. കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ഞെക്കാട് സ്വദേശിയായ ശ്രീജ് എന്നയാളുടെ വീട്ടിൽ നിന്ന് മൂന്ന് വസ്തു ആധാരങ്ങളും, 2.5 ലക്ഷം രൂപയുടെ കറൻസികളും, ഒരു കരാർ പത്രവും പിടിച്ചെടുത്തു. പാങ്ങോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തെങ്ങുംകോട് സ്വദേശിയായ പ്രഭാഷ് എന്നയാളുടെ വീട്ടിൽ നിന്ന് 2,21,000 രൂപയുടെ കറൻസി നോട്ടുകളും രണ്ട് ചെക്ക് ലീഫുകളും, റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച രണ്ട് പേപ്പറുകളും പണമിടപാടുകൾ നടത്തിയിരുന്ന ബുക്കും കണ്ടെടുത്തു.
പാലോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുറുപുഴ സ്വദേശിയായ സുനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 60,000 രൂപ കറൻസിയും രണ്ട് മുദ്ര പത്രങ്ങളും, റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച ഒരു വെള്ളപേപ്പറും പണമിടപാട് അടങ്ങിയ ഡയറിയും പിടിച്ചെടുത്തു. കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മലയാമടം സ്വദേശി മനേഷിന്റെ വീട്ടിൽ നിന്ന് അഞ്ച് ആർ.സി ബുക്കുകൾ, 20 ബ്ലാങ്ക് ചെക്കുകൾ, മൂന്ന് പ്രോമിസറി നോട്ടുകൾ എന്നിവ പിടിച്ചെടുത്തു.
കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കടയ്ക്കാവൂർ സ്വദേശി ഫ്രാങ്ക്ളിൻ ജോർജ്ജിന്റെ വീട്ടിൽ നിന്ന് അഞ്ച് ബ്ലാങ്ക് ചെക്കുകൾ, നാല് മുദ്ര പത്രങ്ങൾ, ഒരു പ്രോമിസറി നോട്ട്, ഒരു ആധാർ കാർഡ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

