നാലുവർഷത്തെ കാത്തിരിപ്പിന് അവസാനം; വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന് പാരിസ്ഥിതികാനുമതി
text_fieldsതിരുവനന്തപുരം: നീണ്ട നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡിന് പാരിസ്ഥിതികാനുമതി ലഭിച്ചു. ഇനി കേന്ദ്രകാബിനറ്റ് അനുമതി കൂടി ലഭിച്ചാൽ ഈ റോഡ് യാഥാർഥ്യത്തിലേക്ക് നീങ്ങും. ഈമാസം 18 ന് വിഴിഞ്ഞത്ത് നിന്ന് കരമാർഗമുള്ള ചരക്ക് നീക്കം ആരംഭിക്കും.
ഔട്ടർ റിങ് റോഡ് വിഴിഞ്ഞത് നിന്നുള്ള ചരക്ക് നീക്കത്തിലും നിർണായക നേട്ടമാകും. റോഡിനായി ഭൂമി വിട്ട് കൊടുത്തവർക്ക് നഷ്ടപരിഹാരത്തിത്തുക ലഭിക്കുന്നതിനും വഴി തുറക്കുകയാണ്. ഔട്ടർ റിങ് റോഡിനായി ഇതുവരെ നൂറ് ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. പതിനൊന്ന് വില്ലേജുകളിൽ നിന്നാണ് ഭൂമി ഏറ്റെടുത്തിരുന്നത്.
വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡിന് പരിസ്ഥിതി അനുമതി നൽകിയതായി അടൂർ പ്രകാശ് എം.പിയെയാണ് പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും അറിയിച്ചത്. എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റിയുടെ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകണമെന്ന ആവശ്യമുന്നയിച്ച് അടൂർ പ്രകാശ് എം.പി പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകിയിരുന്നു. അതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് അതിവേഗം പൂർത്തീകരിക്കേണ്ട പദ്ധതികളിലൊന്നായ തുറമുഖത്തെ റെയിൽവെ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ കാര്യം ഇഴയുകയാണ്. പദ്ധതി രൂപരേഖയും പാരിസ്ഥിതിക അനുമതിയും സാധ്യമായെങ്കിലും പദ്ധതി ടെൻഡർ നടപടികളിലേക്ക് കടന്നിട്ടില്ല. 2028 ന് മുമ്പ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ നിരവധി പ്രതിസന്ധികളും നിലവിലുണ്ട്.
തീരത്തോട് ചേർന്ന് തുറമുഖം യാഥാർഥ്യമായപ്പോൾ പല രീതിയിലുള്ള വികസനമാണ് വിഴിഞ്ഞത് വന്നത്. എന്നാൽ പദ്ധതിക്കായി വിശാലമായ കടൽത്തീരം മാത്രമല്ല കിടപ്പാടം വരെ വിട്ടുകൊടുക്കേണ്ടിവന്നവരാണ് പ്രദേശത്തെ മത്സ്യതൊഴിലാളികളിൽ പലരും. തുറമുഖത്തെ റെയിൽവെ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. തുരങ്കത്തിൽ നിന്ന് റെയിൽ പാളം തുറമുഖത്തേക്ക് കയറുന്ന വഴിയിൽ മാത്രം 21 വീടുകളുണ്ട്. പദ്ധതി വന്നാൽ ഇവർക്കും തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

