ചിതറയിൽ ആന ഇടഞ്ഞു
text_fieldsകടയ്ക്കൽ: തടി പിടിക്കുന്നതിനായി കൊണ്ടുവന്ന ആന ഇടഞ്ഞത് പരിഭ്രാന്തി പടർത്തി. ചിതറ കിഴക്കുംഭാഗം മുള്ളിക്കാടിന് സമീപമാണ് ആന ഇടഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം.
ഇതിനെതുടർന്ന് പാരിപ്പള്ളി - മടത്തറ സംസ്ഥാന പാതയിൽ ചിതറയ്ക്കും പേഴുംമൂടിനുമിടയിൽ രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പരവൂർ കോട്ടപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർത്തികേയൻ എന്ന ആനയാണ് ഇടഞ്ഞത്. ചിതറ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം തടിപിടിക്കുന്നതിനായി ഒരുമാസം മുമ്പാണ് ആനയെ കൊണ്ടുവന്നത്.
ശനിയാഴ്ച ഉച്ചക്ക് കിഴക്കുംഭാഗത്തേക്ക് വരുമ്പോൾ പാപ്പാൻ അടിച്ചതിനെതുടർന്ന് ആന ഇടയുകയുമായിരുന്നു എന്നാണ് നിഗമനം. മെയിൻ റോഡുവഴി കിഴക്കുംഭാഗം ഭാഗത്തേക്ക് ഓടിയ ആനയുടെ പുറത്തുനിന്ന് പാപ്പാൻ ഉദയകുമാർ ചാടി രക്ഷപ്പെട്ടു. കിഴക്കുംഭാഗം ജങ്ഷന് സമീപമുള്ള റബർ പുരയിടത്തിലും സമീപ പുരയിടങ്ങളിലേക്കും ഓടിക്കയറിയ ആനയ്ക്ക് പിന്നാലെ നാട്ടുകാരുടെ കൂട്ടവും പാഞ്ഞു.
വിവരമറിഞ്ഞെത്തിയ ചിതറ പൊലീസ് പ്രധാന റോഡുവഴിയുള്ള ഗതാഗതം തടഞ്ഞു. കിഴക്കുംഭാഗം ഷാപ്പുമുക്ക് വഴി പേഴുംമൂട് ഭാഗത്തേക്ക് ഗതാഗതം തിരിച്ചുവിടുകയായിരുന്നു. പിന്നീട് തിരികെ മുള്ളിക്കാട് ഭാഗത്തേക്ക്പോയ ആന നാട്ടുകാരെ വിരട്ടിയോടിച്ചു. പഴക്കുലയും മറ്റും എറിഞ്ഞുകൊടുത്ത് ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുള്ളിക്കാടിന് സമീപം പുരയിടത്തിൽ നിലയുറപ്പിച്ച ആന, രണ്ടോടെ പരവൂരിൽനിന്ന് ഉടമ എത്തിയതോടെ ശാന്തനാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

