കുട്ടിമാവേലിക്കൊപ്പം ഓണമാഘോഷിച്ച് മന്ത്രിയപ്പൂപ്പൻ
text_fieldsസംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ‘കുഞ്ഞോണം പൊന്നോണം’ ഓണാഘോഷ പരിപാടി ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി സദ്യ കഴിക്കുന്നതിനിടെ മാവേലി വേഷമിട്ട വിശ്വയ്ക്ക് പപ്പടം നൽകുന്നു. മന്ത്രിയുടെ പത്നി ആർ. പാർവതി ദേവി സമീപം
തിരുവനന്തപുരം: ‘മാവേലിക്കിരിക്കട്ടേ ഒരു പപ്പടം’ എന്ന് പറഞ്ഞ് മന്ത്രി വി. ശിവൻകുട്ടി തന്റെ ഇലയിലിരുന്ന പപ്പടമെടുത്ത് മാവേലി വിശ്വയുടെ ഇലയിലേക്ക് വച്ചതും നിറഞ്ഞ ചിരിയോടെ കുട്ടി മാവേലി അതങ്ങ് സ്വീകരിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തു നടന്ന ‘കുഞ്ഞോണം പൊന്നോണം’ പരിപാടിയിലാണ് മന്ത്രിയും മാവേലിയും പപ്പട കൈമാറ്റം നടത്തിയത്. ഭാര്യ ആർ. പാർവതി ദേവിയുമൊത്താണ് മന്ത്രി ശിവൻകുട്ടി എത്തിയത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലുണ്ടായ ജൈവപച്ചക്കറികൾ കുട്ടികൾക്കായി ഇരുവരും ചേർന്ന് സമ്മാനിച്ചു.
മാവേലിയായി വേഷമിട്ട നാലുവയസുകാരൻ വിശ്വയോടും രണ്ടുവയസുകാരൻ ഏബലിനോടും മറ്റ് കുട്ടികളോടും കുശലാന്വേഷണം നടത്തിയ മന്ത്രി അഭികാമിയെ ഊഞ്ഞാലിൽ ഇരുത്തി കളിപ്പിച്ചു. മാവേലിമാരോടൊപ്പം കളിച്ച് തിമിർക്കാനും പടം പിടിക്കാനും മഞ്ഞപ്പട്ടും തലയിൽ കെട്ടി സമിതിമുറ്റത്തെ വലിയ ഉഞ്ഞാലിൽ ആടി രസിക്കാനും കുട്ടി കുസൃതികൾ തിരക്കുക്കൂട്ടി. നാവിൽ രുചിയൂറുന്ന പായസം തൊട്ട് തൂശനിലയിൽ ഓണ സദ്യ വരെ സമിതി ഒരുക്കിയിരുന്നു. വീട് ബാലിക മന്ദിരത്തിലെയും ദത്തെടുക്കൽ കേന്ദ്രത്തിലുമായി പരിചരണയിലുള്ള കുട്ടികളായ തൃഷ, റിയോ ,സ്നേഹ, നന്മ, അക്ഷിത, ശരണ്യ, ജിഷ്ണു ബബിത, അശ്വിൻ അനന്തു, ആരോമൽ, നന്ദന, അതുൽ കൃഷ്ണ തുടങ്ങിയവർ ചേർന്നാണ് അത്തപ്പൂക്കളം ഒരുക്കിയത്.
തന്റെയും കുടുംബത്തിന്റെയും ഇത്തവണത്തെ ഓണം ശിശുക്ഷേമ സമിതിയിലെ കുട്ടികളൊടൊപ്പമാണെന്നും ഇവിടെ വിളമ്പിയ പായസത്തേക്കാൾ മധുരം സമിതിയിലെ കുരുന്നുകൾ പകർന്ന് നൽകിയ സ്നേഹവും വാത്സല്യവുമാണെന്നും മന്ത്രി ഉദ്ഘാടനത്തിൽ പറഞ്ഞു.
കഴിഞ്ഞ ശിശുദിനത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കുളത്തൂപ്പുഴ ഗുഡ് ഷെപ്പേർഡ് പബ്ളിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ബഹിയ ഫാത്തിമയും മന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ.പ്രദീപ് കുമാർ, സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ ജയപാൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

