പ്രത്യാശയുടെ വെളിച്ചവുമായി ഇന്ന് ദീപാവലി
text_fieldsദീപാവലിയോനുബന്ധിച്ച് പടക്കങ്ങൾ വാങ്ങുന്നവർ
തിരുവനന്തപുരം: നന്മയുടെയും സ്നേഹത്തിന്‍റെയും വെളിച്ചവും പ്രത്യാശയുടെ ദീപപ്രഭയുമായി ഇന്ന് ദീപാവലി. മഴ ഭീഷണി നേരിയ ആശങ്കയുയർത്തിയെങ്കിലും മനസ്സുകളിലെ ആഹ്ലാദപ്പൂത്തിരിക്ക് അതിരുകളില്ലായിരുന്നു. വീടുകളിൽ ദീപം തെളിച്ചും മധുരം നുകർന്നും പടക്കം പൊട്ടിച്ചുമെല്ലാം നാടെങ്ങും ദീപാവലി ആഘോഷിക്കുകയാണ്.
ഇരുട്ടിനെതിരെ പ്രകാശത്തിന്‍റെ വിജയയവും തിന്മയുടെമേൽ നന്മയുടെ അതിജീവന സന്ദേശവും നെഞ്ചേറ്റിയാണ് നാട് ആഘോഷത്തിലമരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്ത ദീപാവലിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. വിഷു കഴിഞ്ഞാൽ പടക്കവിപണി സജീവമാകുന്നത് ദീപാവലിക്കാണ്.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനായി രാത്രി എട്ടുമുതൽ 10 വരെയാക്കി സർക്കാർ സമയം ക്രമീകരിച്ചിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ്. അതുകൊണ്ട് ശബ്ദമില്ലാത്ത ഫാൻസി ഇനങ്ങൾക്കായിരുന്നു ഇത്തവണ വിപണിയിൽ ആവശ്യക്കാറേറെ.
ഞായറാഴ്ച അക്ഷരാർഥത്തിൽ പടക്കവിപണിയിൽ കൊട്ടിക്കലാശമായിരുന്നു. നാടനും മറുനാടനും ഉൾപ്പെടെ മലയാളിയുടെ ദീപാവലിയെ കെങ്കേമമാക്കാൻ വിവിധതരം പടക്കങ്ങളാണ് ഇത്തവണ വിപണി കൈയടക്കിയിരുന്നത്.
റോൾ പൊട്ടാസ്, മത്താപ്പ്, തറചക്രം, ഫയർ പെൻസിൽ തുടങ്ങി തറയിൽ മനോഹാരിത തീർക്കുന്ന ഇനങ്ങൾ മുതൽ ആകാശത്ത് വർണവിസ്മയം തീർക്കുന്നവ വരെ വീട്ടുമുറ്റങ്ങളിൽ വിസ്മയക്കാഴ്ചകളൊരുക്കി. ഓലപ്പടക്കം, മാലപ്പടക്കം, കുറ്റിപ്പടക്കം, കുരുവി പടക്കം തുടങ്ങിയവയെയും പതിവുപോലെ ആഘോഷത്തിന് ആരവമേകുന്നുണ്ട്.
ശബ്ദനിയന്ത്രണമുള്ളതിനാൽ വർണഭംഗിയും ദൃശ്യവിസ്മയവും തീർക്കുന്ന ഇനങ്ങളായിരുന്നു വിപണിയിൽ ഏറെയും വിറ്റുപോയത്. ചൈനീസ് പടക്കങ്ങളും ഫാൻസി പടക്കങ്ങളുമാണ് ഈ ഇനത്തിലുള്ളത്. പുതിയപേരിലും പുതിയ രൂപത്തിലും എത്തുന്നുവെന്നതാണ് ചൈനീസ് പടക്കങ്ങളുടെ പ്രത്യേകത. പൊട്ടുമ്പോൾ ശബ്ദം കുറവും എന്നാൽ നിറങ്ങൾ ഒരുപാടുണ്ടാകുന്നതുമാണ് ചൈനീസ് പടക്കങ്ങളുടെ പ്രത്യേകത.
വിസിൽ മുഴക്കുകയും പൊട്ടുമ്പോൾ സംഗീതം കേൾക്കുകയുമൊക്കെ ചെയ്യുന്ന ഇനങ്ങളും ഇത്തവണത്തെ പ്രത്യേകതകളാണ്. അതേസമയം മുമ്പ് ദീപാവലി ആഘോഷങ്ങളിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ടിരുന്ന ഇനമായ കളിത്തോക്കിന് ഇപ്പോൾ അത്ര ഡിമാൻഡില്ലായിരുന്നു. പൊട്ടാസ് ഉപയോഗിച്ച് പൊട്ടിക്കാവുന്ന ഇവയേക്കാൾ മറ്റ് ബാറ്ററി തോക്കുകളോടാണ് കുട്ടികൾക്ക് പ്രിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

