നാട്ടുകാരുടെ ഉറക്കംകെടുന്നു; മലവെള്ളപ്പാച്ചിലിൽ പെരുമ്പാമ്പുകൾ ഒഴുകിയെത്തുന്നു
text_fieldsപെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടുന്നു
തിരുവനന്തപുരം: വനമേഖലകളിൽനിന്ന് പെരുമ്പാമ്പുകൾ ജനവാസമേഖലകളിലേക്ക് കൂട്ടത്തോടെ ഒഴുകിയെത്തുന്നു. ഇതോടെ തലസ്ഥാനജില്ലയുടെ തെക്കൻമേലകളിൽ താമസിക്കുന്നവരുടെ ഉറക്കംകെട്ടു. വീട്ടുമുറ്റത്തും പമ്പിലും കൃഷിയിടങ്ങളിലും ജെ.സി.ബിക്കുള്ളിൽപോലും പെരുമ്പാമ്പുകൾ താവളം ഉറപ്പിച്ചിരിക്കുകയാണ്.
രണ്ടാഴ്ചക്കിടെ വനംവകുപ്പ് പിടികൂടിയത് ഒരുഡസനിലധികം പെരുമ്പാമ്പുകളെയാണ്. വെള്ളക്കെട്ട് ഒഴിയാത്ത ജനവാസകേന്ദ്രങ്ങളിൽ പാമ്പ് ശല്യവും രൂക്ഷമായി. നെയ്യാറിലും കരമനയാറ്റിലും മലവെള്ളം കുത്തിയൊലിച്ച് ഇറങ്ങിയതോടെയാണ് പെരുമ്പാമ്പ് ശല്യം കൂടിയത്.
ബുധനാഴ്ച രാത്രി 11 മണിയോടെ വെള്ളനാട് നിന്നും കുളപ്പടയിൽ നിന്നും രണ്ട് പെരുമ്പാമ്പുകളെയാണ് പിടികൂടിയത്. സ്നേക്ക് ക്യാച്ചർ രോഷ്നിയാണ് പിടികൂടിയത്. വെള്ളനാട് ജയയുടെ പുരയിടത്തിൽ നിന്നാണ് ഒരെണ്ണത്തെ പിടികൂടിയത്.
കുളപ്പടയിൽ റോഡരികിൽ നിന്ന് സമീപത്തെ പുരയിടത്തിൽ കയറുന്നതിനിടെയാണ് രണ്ടാമത്തേതിനെ പിടികൂടിയത്. കഴിഞ്ഞദിവസം ആര്യനാട് കരമനയാറ്റിൽ കാണാതായ ആളിനായി തിരച്ചിൽ നടത്തുന്നതിനിടെ ആര്യനാട് പമ്പ് ഹൗസിന് സമീപം ഈറകൾക്കിടയിൽ വലിയ പാമ്പിനെ കണ്ടതായി സംഘം പറഞ്ഞു.
വെള്ളിയാഴ്ച ഉഴമലയ്ക്കൽ കാരനാട് നിന്ന് 40 കിലോയോളം തൂക്കംവരുന്ന പെരുമ്പാമ്പിനെയും ഒക്ടേബർ 11ന് വെള്ളനാട് ചാങ്ങയിൽ നിന്ന് ജെ.സി.ബിക്കുള്ളിൽ കുടുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെയും വനംവകുപ്പ് പിടിച്ചു. വെള്ളംകയറിയ വീടുകൾ വൃത്തിയാക്കുമ്പോൾ സൂക്ഷിക്കണമെന്നും തണുപ്പ് കിട്ടുന്ന ഒന്നും വീടിന് സമീപത്ത് കൂട്ടിവെക്കരുതെന്നും വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

