ജില്ല ഫുട്ബാൾ ലീഗിൽ വലകീറി ഗോൾ ചാകര...
text_fieldsജില്ല ഫുട്ബാൾ ലീഗിന്റെ ഭാഗമായി മൈലം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ നടന്ന മെഡിക്കൽ സ്പോർട്ടിങ് റോവേഴ്സ് എഫ്.സി മത്സരത്തിൽ നിന്ന്
തിരുവനന്തപുരം: ജില്ല ഫുട്ബാൾ ലീഗിൽ എതിരാളികളുടെ വലയടിച്ചുകീറി തീരദേശ ക്ലബുകളുടെ ഗോൾ ചാകര തുടരുന്നു . ശനിയാഴ്ച ഇ- ഡിവിഷനിൽ നടന്ന ആദ്യ മത്സരത്തിൽ എസ്.ബി.എഫ്.എ പൂവാർ മറുപടിയില്ലാത്ത 25 ഗോളുകളുകൾക്ക് മുകുന്ദൻ എഫ്.സിയെ തറപറ്റിച്ചു. ആദ്യവിസിൽ ഉയർന്നതുമുതൽ ബൂട്ടിൽ പന്ത് കൊരുത്തിട്ടപോലെ മുകുന്ദൻസിന്റെ പാളയത്തിലേക്ക് ഇരച്ചുകയറിയ പൂവാറിന്റെ കുട്ടികൾ ആദ്യ പകുതിയിൽ തന്നെ ഒമ്പത് ഗോളുകൾ അടിച്ചുകൂട്ടി. പൂവാറിന്റെ കുതിപ്പിൽ നിസാഹയരായി നോക്കിനിൽക്കാനേ മുകുന്ദന് കഴിഞ്ഞുള്ളൂ. രണ്ടാം പകുതിയിൽ 16 ഗോളുകൾ കൂടി നേടിയാണ് പൂവാർ ‘മുകുന്ദവധം’ പൂർത്തിയാക്കിയത്.
പൂവാറിനായി ജിബിൻ ഏഴ് ഗോളും എബി, ടിനു എന്നിവർ നാല് ഗോളുകൾ വീതവും നേടി. ഇതോടെ ഇ ഡിവിഷനിൽ ൻ ഗോൾ ഇനത്തിൽ ഒരു ടീമിന്റെ ഏറ്റവും മികച്ചവിജയമെന്ന റെക്കാഡ് പൂവാർ സ്വന്തമാക്കി. കഴിഞ്ഞ ദിവസം എഫ്.ഡിവിഷനിൽ ട്രിവാൻഡ്രം സിറ്റി ഫുട്ബോൾ ക്ലബിനെ 20-0 ന് പി. എസ്.എ പൂന്തുറ ക്ലബ് തകർത്തിരുന്നു. ഇ ഡിവിഷനിലെ രണ്ടാം മത്സരത്തിൽ റോവേഴ്സ് എഫ്.സിയെ രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക് മെഡിക്കൽ സ്പോർട്ടിങ് തകർത്തു.
കൊമ്പുകലുക്കി കൊമ്പൻപട
എതിരാളികളുടെ വലക്കകത്ത് ഗോൾസുനാമി സൃഷ്ടിച്ച പി. എസ്.എ പൂന്തുറ ക്ലബിന് ഒടുവിൽ കൊമ്പന്മാർക്ക് മുന്നിൽ അടിതെറ്റി. എഫ് ഡിവിഷനിൽ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ കൊമ്പൻസ് എഫ്.സിയോട് ഏകപക്ഷീയമായ ഒരുഗോളിനാണ് പൂന്തുറ വീണത്. മത്സരം അവസാനിക്കാൻ ഒരു മിനിട്ട് മാത്രം ബാക്കിനിൽക്കേ പകരക്കാരനായി ഇറങ്ങിയ ഷാദിൽ നേടിയ മനോഹരമായ ഗോളിനാണ് കൊമ്പൻസ് പൂന്തുറയെ പരാജയപ്പെടുത്തിയത്.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ട്രിവാൻഡ്രം സിറ്റി ഫുട്ബോൾ ക്ലബിനെ 20-0 ന് തോൽപ്പിച്ചെത്തിയ പൂന്തുറക്ക് ശനിയാഴ്ച കൊമ്പൻസിനോട് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. കൊമ്പൻമാർ തീർത്ത പ്രതിരോധവലയിൽ കുടുങ്ങി പുന്തുറയുടെ മുന്നേറ്റങ്ങളെല്ലാം പാഴായപ്പോൾ ഒരുഘട്ടത്തിൽ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഫൈനൽ വിസിലിന് ഒരുമിനിട്ട് അകെലപൂന്തുറയുടെ നെഞ്ചുകലക്കി ഷാദിലിലൂടെ കൊമ്പന്മാർക്ക് വിജയമാഘോഷിക്കുകയായിരുന്നു. ഇതോടെ ലീഗിലെ തുടർച്ചയായ രണ്ടാം ജയത്തോടെ ആറ് പോയന്റുമായി കൊമ്പൻസ് എഫ് ഡിവിഷനിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
കഴിഞ്ഞ ദിവസം എമിറേറ്റ്സ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കൊമ്പൻസ് തോൽപിച്ചിരുന്നു. ലീഗിലെ മറ്റൊരു മത്സരത്തിൽ വി.എഫ്.എ ടീമിനെ തകർത്ത് എമിറേറ്റ് ലീഗിലെ ആദ്യവിജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എമിറേറ്റിന്റെ വിജയം.എമിറേറ്റിനായി പീർ മുഹമ്മദ് രണ്ടും റൂബിൻ ഒരു ഗോളും നേടിയപ്പോൾ ഗോൾസാൽവസിന്റെ വകയായിരുന്നു വി.എഫ്.എയുടെ ആശ്വാസഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

