പിരിച്ചുവിടുമെന്ന് പറഞ്ഞത് വൈരാഗ്യമായി; ഹോട്ടലുടമയുടെ കൊലയിൽ ജീവനക്കാർ റിമാൻഡിൽ
text_fieldsഅറസ്റ്റിലായ ഡേവിഡ്, രാജേഷ്
തിരുവനന്തപുരം: നഗരത്തിലെ ഹോട്ടൽ ഉടമയെ അടിച്ചുവീഴ്ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്, തുടരെ അവധിയെടുത്താൽ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് പറഞ്ഞതിലെ വിരോധത്താൽ. കോട്ടൺഹിൽ സ്കൂളിന് സമീപത്തെ ‘കേരള കഫേ’ ഹോട്ടലുടമ ജസ്റ്റിൻ രാജിനെ (60) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായ നേപ്പാൾ സ്വദേശി ഡേവിഡ്, വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് എന്നിവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിൻ രാജിന്റെ ഹോട്ടലിലെ ജീവനക്കാരായ ഇരുവരും തുടരെ അവധിയെടുക്കുക പതിവായിരുന്നു. ചൊവ്വാഴ്ചയും ജോലിക്കെത്താഞ്ഞതോടെ ജസ്റ്റിൻ ഇരുവരെയും തിരക്കി മാനേജരുടെ ബൈക്കിൽ രാവിലെ ഒമ്പതോടെ ഇവർ താമസിക്കുന്ന ഇടപ്പഴഞ്ഞിയിലെ വാടകവീട്ടിലെത്തി. ജോലിക്ക് തുടരെ എത്താതിരിക്കുന്നതിനാൽ പിരിച്ചുവിടുമെന്ന് ജസ്റ്റിൻ രാജ്പറഞ്ഞതോടെ വഴക്കിട്ട് രാജേഷ് അടിച്ചു വീഴ്ത്തുകയും ഡേവിഡുമായി ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇരുവരും സ്ഥലത്ത്നിന്ന് മുങ്ങുകയും ചെയ്തു.
ജസ്റ്റിനെ ഉച്ചയായിട്ടും കാണതായതോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് ജീവനക്കാർ താമസിക്കുന്ന വീട്ടിൽ അന്വേഷിച്ചത്. അപ്പോഴാണ് വീടിന് വെളിയിൽ മൃതദേഹം മെത്തകൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയത്. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളിലൊരാളുടെ ഫോൺ നമ്പർ പൊലീസിന് ലഭിച്ചതോടെ സൈബർ സെല്ലിന്റെ സഹായത്താൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
കസ്റ്റഡിയിലെടുക്കവെ മദ്യലഹരിയിലായിരുന്ന പ്രതികളുടെ ആക്രമണത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കൊലയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. റിമാൻഡിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും കൊലനടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

