ബീമാപ്പള്ളി നഴ്സറി സ്കൂളിന്റെ ശോച്യാവസ്ഥ; ഉന്നതതല സംഘം സ്കൂൾ സന്ദർശിക്കും
text_fieldsതിരുവനന്തപുരം: കോർപറേഷൻ നേരിട്ട് നടത്തുന്ന ബീമാപ്പള്ളി നഴ്സറി സ്കൂളിന്റെ ശോച്യാവസ്ഥ നേരിട്ട് മനസിലാക്കുന്നതിന് ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം വെള്ളിയാഴ്ച സ്കൂൾ സന്ദർശിക്കും. തിങ്കളാഴ്ച ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്. ഷംനാദ് വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഡെപ്യൂട്ടി കലക്ടർ ടി.കെ വിനീത്, കോർപറേഷൻ ഹെൽത്ത് ഓഫീസർ ഗോപകുമാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബാ ബീഗം എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ.
ഓൺലൈനായി വിളിച്ചുചേർത്ത യോഗത്തിൽ കോർപറേഷനെതിരെയും ഭരണസമിതിക്കെതിരെയും രൂക്ഷവിമർശനമാണ് ഉയർന്നത്. എന്നാൽ സ്കൂളിന്റെ അറ്റകുറ്റപ്പണിക്കും മറ്റ് ആവശ്യങ്ങൾക്കുമായി 10.8 ലക്ഷം രൂപ അനുവദിച്ചിരുന്നതായി കോർപറേഷൻ സെക്രട്ടറിയെ പ്രതീനിധീകരിച്ച് യോഗത്തിൽ ഹാജരായ ഹെൽത്ത് ഓഫിസർ ഗോപകുമാർ യോഗത്തിൽ വിശദീകരിച്ചു. വിദ്യാർഥികളെ മാറ്റി തന്നാൽ 10 ദിവസത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തികരിക്കാൻ കഴിയും. സ്കൂൾ സമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വിദ്യാർഥികളെ പാൽക്കുളങ്ങര നഴ്സറി സ്കൂളിലേക്ക് മാറ്റണം. ഇതിനുള്ള യാത്രാസൗകര്യം കോർപറേഷൻ ഒരുക്കാം.
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സ്കൂൾ പ്രവർത്തിക്കുന്ന കോമ്പൗണ്ടിന്റെ പിൻവശത്തുകൂടി സ്കൂളിലേക്കുള്ള പ്രവേശനത്തിന് പ്രത്യേക ഗേറ്റ് നിർമിക്കാമെന്നും ഹെൽത്ത് ഓഫീസർ അറിയിച്ചു. സ്കൂളിനോട് ചേർന്നുള്ള ആകാശവാണിയുടെ സ്ഥലത്തെ മാലിന്യം നീക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോർപറേഷനിൽ നിന്ന് ആകാശവാണിക്ക് നിവേദനം നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും അതിനാൽ വിഷയത്തിൽ ജില്ല ലീഗൽ സർവിസ് അതോറിറ്റി ഇടപെടണമെന്നും കോർപറേഷൻ ആവശ്യപ്പെട്ടു.
അതേസമയം ബീമാപ്പള്ളിയിൽ നിന്ന് പാൽകുളങ്ങര നഴ്സറി സ്കൂളിലേക്ക് മാറ്റുന്നതിനെ രക്ഷിതാക്കളുടെ പ്രതിനിധി യോഗത്തിൽ എതിർത്തു. മത്സ്യഭവന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകൾ ഒഴിപ്പിക്കുകയോ അല്ലെങ്കിൽ സ്കൂളിന് സമീപം തന്നെ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു. ആളുകൾക്ക് മാലിന്യം വലിച്ചെറിയാൻ പറ്റാത്ത വിധത്തിൽ ആകാശവാണി ഭൂമിയിൽ കൃത്യമായ വേലി നിർമിക്കണമെന്നും പി.ടി.എ പ്രതിനിധി ആവശ്യപ്പെട്ടു.
എന്നാൽ ബീമാപള്ളിയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് സൗകര്യപ്രദമായ പ്രദേശത്താണ് മത്സ്യഭവൻ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അതിനാൽ മത്സ്യഭവൻ ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റുന്നത് ബുദ്ധിമുട്ടാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ആകാശവാണിയുടെ സ്ഥലത്ത് മാലിന്യം തള്ളുന്നത് കോർപറേഷൻ ജീവനക്കാരാണെന്നും ഇതിന് തന്റെ പകൽ വീഡിയോ തെളിവുകളുണ്ടെന്നും പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗൺസിൽ പ്രസിഡന്റ് സഞ്ജീവ് യോഗത്തിൽ അറിയിച്ചു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ കോർപറേഷനെ അറിയിച്ചതിന് പ്രതികാരനടപടിയുടെ ഭാഗമായി തന്നെ സ്ഥലം മാറ്റാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥരും ഭരണാധികാരികളും തന്നോട് മോശമായി പെരുമാറിയതായും നഴ്സറി സ്കൂൾ അധ്യാപിക ജിഷ ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി എസ്. ഷംനാദിനെ അറിയിച്ചു. തുടർന്നാണ് ഒക്ടോബർ നാലിന് സ്കൂൾ സന്ദർശിക്കാൻ ഉന്നതതല സംഘം തീരുമാനിച്ചത്.
ഡെപ്യൂട്ടി കലക്ടർ ടി.കെ വിനീത്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബാ ബീഗം, വാർഡ് കൗൺസിലർ ജെ.സുധീർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.