ദലിത് യുവതിക്ക് പൊലീസ് മർദനം; അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി
text_fieldsതിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി ദലിത് യുവതിയെ സ്റ്റേഷനിൽ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി. തിരുവനന്തപുരം പേരൂർക്കട പൊലീസിന്റെ ക്രൂരതയിലാണ് അന്വേഷണം. കന്റോണ്മെന്റ് എ.സി.പിക്കാണ് അന്വേഷണ ചുമുതല. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കുവാൻ ഡി.ജി.പി നിർദേശിച്ചു.
കഴിഞ്ഞ 23നായിരുന്നു നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാര് നല്കിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദുപറയുന്നത്. മൂന്ന് ദിവസമാണ് ബിന്ദു ഈ വീട്ടിൽ ജോലിക്ക് പോയത്. മറ്റൊരു വീട്ടിലെ ജോലി കഴിഞ്ഞുവരുമ്പോഴാണ് പൊലീസ് ബിന്ദുവിനെ വിളിപ്പിച്ചത്. തുടർന്ന് മാനസികമായി പീഡിപ്പിച്ചെന്നും ബിന്ദു പറഞ്ഞു.
അസഭ്യം പറഞ്ഞെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും മർദിക്കാൻ ശ്രമിച്ചെന്നും ബിന്ദു ആരോപിച്ചു. മക്കളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോൾ താങ്ങാൻ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് തന്നോട് പറഞ്ഞില്ല. പിന്നീട് തന്റെ ഭർത്താവാണ് മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നെന്ന് പറഞ്ഞത്.
പൊലീസുകാരെ വെറുതെ വിടരുതെന്നും താൻ നേരിട്ട അപമാനം വലുതാണെന്നും ബിന്ദു കൂട്ടിച്ചേർത്തു. ഏജൻസി വഴിയാണ് ബിന്ദുവിന് ജോലി ലഭിച്ചത്. ഈ പ്രശ്നം കാരണം മറ്റ് ജോലികൾ കിട്ടാൻ ബുദ്ധിമുട്ടാകുന്നുവെന്നും ബിന്ദു പറഞ്ഞു. ബിന്ദു നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

