ഡിപ്പോകളും നെയ്ത്ത് കേന്ദ്രങ്ങളും പൂട്ടി ഈറ്റ-പനമ്പ് തൊഴിലാളികൾ ദുരിതത്തിൽ
text_fieldsഅടച്ചിട്ടിരിക്കുന്ന ബാംബൂ കോർപറേഷന്റെ കാട്ടാക്കട
ചായ്ക്കുളത്തെ യന്ത്രവത്കൃത നെയ്ത്തുകേന്ദ്രം
കാട്ടാക്കട: ബാംബൂ കോർപറേഷന്റെ ഈറ്റ-പനമ്പ് ഡിപ്പോകളും യന്ത്രവത്കൃത നെയ്ത്തുകേന്ദ്രങ്ങളും മിക്കതും അടച്ചുപൂട്ടിയതോടെ തൊഴിലാളികൾ ദുരിതത്തിൽ. ഈറ്റ ലഭ്യമാകാതെ ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. ശാസ്തവട്ടം, പിരപ്പൻകോട്, നെടുമങ്ങാട്, ചുള്ളിമാനൂർ, ഇടിഞ്ഞാർ, മുണ്ടേല, വെളിയന്നൂർ, കാരിക്കോണം, തോളൂർ, കുറ്റിച്ചൽ, പട്ടകുളം, ചേനാട്, മംഗലയ്ക്കൽ, ചെമ്പൂര്, ഊരൂട്ടമ്പലം, ചാങ്ങ, കൈവൻകാല എന്നിവിടങ്ങളിലെ ഡിപ്പോകളും, വെളിയന്നൂർ, ലൂഥർഗിരി, ചായ്ക്കുളം, കുറ്ററ എന്നിവിടങ്ങളിലെ യന്ത്രവത്കൃത പനമ്പ് നിർമാണ കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്.
എവിടെ നിന്നെങ്കിലും ഈറ്റ സംഘടിപ്പിച്ച് ഉൽപന്നങ്ങൾ നെയ്ത് എത്തിച്ചാൽ പണമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വനം, തൊഴിൽ, വ്യവസായം, ധനകാര്യം വകുപ്പുകൾ ഒരുമിച്ചാലേ ഈ പരമ്പരാഗത മേഖലയെ രക്ഷിക്കാനാകൂവെന്ന് ഈറ്റ തൊഴിലാളി നേതാക്കള്‍ പറയുന്നു. പലപ്പോഴും കോർപറേഷൻ ഡിപ്പോകളിൽ തൊഴിലെടുക്കുന്നവർക്ക് ശമ്പളം ലഭിക്കുന്നില്ല. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞുവരുന്നതും പ്രതിസന്ധി കൂട്ടുന്നു.
മുന്‍കാലങ്ങളില്‍ വനത്തിൽനിന്ന് ഈറ്റ ശേഖരിക്കാൻ തൊഴിലാളികൾക്ക് പാസ് അനുവദിച്ചിരുന്നു. എന്നാല്‍ ഏറെക്കാലമായി ഈറ്റവെട്ടാന്‍ തൊഴിലാളികളെ അനുവദിക്കുന്നില്ല. ഈറക്കാടുകള്‍ പൂത്ത് നശിച്ചുപോകുകയാണ്. എന്നാൽ കോർപറേഷനിൽനിന്ന് ആവശ്യത്തിന് ഈറ്റ കിട്ടുന്നുമില്ല.
കൂലിയുടെ കാര്യത്തിലും അവർ അവഗണിക്കപ്പെടുന്നു. 2018ൽ മിനിമം കൂലി പുതുക്കി നൽകിയെങ്കിലും നാളിതുവരെയും നടപ്പായിട്ടില്ല. ഒരു ചതുരശ്ര അടി പനമ്പിന് 3.50 രൂപയിൽ നിന്നും 6.50 രൂപയായാണ് കൂട്ടിയത്. പരമ്പരാഗത തൊഴിലാളികൾക്ക് ആവശ്യത്തിന് ഈറ്റ എത്തിക്കാനും നിലവിലെ ഡി.എയും വർധിപ്പിച്ച കൂലിയും നൽകാൻ കഴിഞ്ഞാൽ പ്രതിസന്ധിക്ക് കുറെയേറെ പരിഹാരമാകും. കോവിഡിന് ശേഷം തൊഴിൽ മേഖലകൾ വീണ്ടും സജീവമായപ്പോഴും ഈ തൊഴിൽ ചെയ്യുന്നവരുടെ ജീവിതം ദുരിത്തിലാഴ്ന്നുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ഈ തൊഴിലുമാത്രം കൊണ്ടുജീവിച്ച കുടുംബങ്ങളേറെയാണ്. എന്നാൽ പുതിയ തലമുറ ഈ തൊഴിലിനോട് പിന്തിരിഞ്ഞ് നിൽക്കുന്നത് വരുമാനം കുറവായതുകൊണ്ടാണെന്ന് തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

