വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച പ്രതി പിടിയിൽ
text_fieldsമുഹമ്മദ് ഹാഷിം
തിരുവനന്തപുരം: കഴക്കൂട്ടം നാലുമുക്കിലെ വീട്ടിൽ മാരകായുധവുമായി അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത പ്രതിയെ പൊലീസ് പിടികൂടി. ആറ്റിപ്ര മുക്കോലക്കൽ കുറ്റിവിളാകത്ത് വീട്ടിൽ മുഹമ്മദ് ഹാഷിമിനെയാണ് (32) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11 നായിരുന്നു സംഭവം.
നാലുമുക്കിലെ റംലാബീവിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അവരുടെ തല ഭിത്തിയിൽ ഇടിച്ച് പരിക്കേൽപിക്കുകയും വാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ഭർത്താവിനെയും ദേഹോപദ്രവം ഏൽപിച്ച പ്രതി വീട്ടിലെ ജനൽ ചില്ലുകളും സ്കൂട്ടറും ബൈക്കും അടിച്ചു തകർക്കുകയും വീടിന് മുന്നിലെ കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. വീട്ടമ്മയുടെ മകനോട് പ്രതിക്കുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ അന്വേഷിച്ചുവരവെ കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി സി.എസ്. ഹരിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐമാരായ ജിനു, മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ, ബിനു.എസ്, ബിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.