കടയുടമയുടെ മൊബൈൽ നമ്പറിൽ പരേതനും റേഷൻ; കട സസ്പെൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: മരിച്ച കാർഡുടമയുടെ റേഷൻ വിഹിതം ഒ.ടി.പി സംവിധാനത്തിലൂടെ തട്ടിയെടുത്തതിനെ തുടർന്ന് റേഷൻ കട സസ്പെൻഡ് ചെയ്തു. നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫിസറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് താലൂക്കിലെ എ.എൻ. മുനീറിന്‍റെ എ.ആർ.ഡി 395ാം നമ്പർ റേഷൻകടയാണ് ജില്ല സപ്ലൈ ഓഫിസർ സി.എസ്. ഉണ്ണികൃഷ്ണൻ താൽക്കാലികമായി സസ്പെൻഡ് ചെയ്തത്.
59,145 രൂപയുടെ ഭക്ഷ്യധാന്യങ്ങൾ 2021 ഫെബ്രുവരി മുതൽ ഇയാൾ അനധികൃതമായി കൈക്കലാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. 2021 ജനുവരിയിലാണ് മുനീറിന്‍റെ കടയിൽ രജിസ്റ്റർ ചെയ്തിരുന്ന ശശിധരൻ ആശാരി മരിച്ചത്. 1105139354 നമ്പർ മുൻഗണനാ കാർഡിൽ ശശിധരൻ ആശാരി മാത്രമാണുണ്ടായിരുന്നത്.
കാർഡിൽ ലൈസൻസിയായ മുനീറിന്‍റെ സ്വന്തം ഫോൺ നമ്പറായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ, ശശിധരൻ ആശാരി മരിച്ചിട്ടും അദ്ദേഹത്തിന്‍റെ റേഷൻ വിഹിതം സ്വന്തം മൊബൈൽ നമ്പർ ഉപയോഗിച്ച് മുനീർ തട്ടിയെടുത്തതായി താലൂക്ക് സപ്ലൈ ഓഫിസറുടെ പരിശോധയിൽ കണ്ടെത്തി.
ഇത്തരത്തിൽ 351 കിലോ പുഴുക്കലരിയും 140 കിലോ കുത്തരിയും 114 കിലോ ഗോതമ്പും 30 കിലോ പഞ്ചസാരയും ഒമ്പത് ലിറ്റർ മണ്ണെണ്ണയും 20 പാക്കറ്റ് ആട്ടയും 13 സൗജന്യ ഭക്ഷ്യകിറ്റും അനധികൃതമായി കരിഞ്ചന്തയിലേക്ക് കടത്തുകയായിരുന്നു.
റേഷൻ വിഹിതം വിതരണം ചെയ്യാൻ ചുമതലപ്പെട്ട വ്യക്തി തന്നെ മറ്റൊരാളിന്‍റെ റേഷൻ കാർഡിൽ ലൈസൻസിയുടെ ഫോൺ നമ്പർ നൽകി സാധനങ്ങൾ അപഹരിച്ചത് ക്രിമിനൽ കുറ്റമാണെന്ന് നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നു. ജില്ലയിൽ പല കടകളിലും ഇത്തരത്തിൽ സാധനങ്ങൾ തട്ടിയെടുക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.