തോട്ടിൽ അകപ്പെട്ട് പത്തുവയസ്സുകാരൻെറ മരണം; പ്രതിഷേധം രൂക്ഷം
text_fieldsപേരൂർക്കട: കുടപ്പനക്കുന്ന് ദേവി നഗറിൽ തോട്ടിൽ അകപ്പെട്ട് പത്തുവയസ്സുകാരനായ ദേവ് എന്ന ബാലൻ ദാരുണമായി മരിക്കാനിടയായ സംഭവത്തിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പ്രതിഷേധം രൂക്ഷം. തോടുകൈയേറി നിയമവിരുദ്ധമായി സ്ലാബുകൾ സ്ഥാപിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നും അനധികൃത നിർമാണം നടത്തിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമുള്ള ആവശ്യത്തിലാണ് നാട്ടുകാർ. മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു എന്നിവർ സ്ഥലം സന്ദർശിച്ചു. തോട് കോൺക്രീറ്റ് ചെയ്ത് അടച്ച് പൊതുസ്ഥലം കൈയേറിയ സംഭവത്തിൽ ഉടനടി നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു 'മാധ്യമ'ത്തോട് പറഞ്ഞു.
നേരത്തേ കുടപ്പനക്കുന്ന് പഞ്ചായത്തിെൻറയും പിന്നീട് നഗരസഭയുടെയും ഭാഗമായ ഇപ്പോഴത്തെ പാതിരിപ്പള്ളി വാർഡിൽ ഉൾപ്പെട്ട പ്രദേശമാണ് ഇത്. ഇക്കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിെൻറ മറവിലാണ് ദേവീ നഗറിൽ ചട്ടങ്ങൾ പാടെ കാറ്റിൽപറത്തി തോട് കൈയേറിയത്. ബാലെൻറ മരണത്തിന് കൃത്യം ഒരു വർഷം മുമ്പ് അനധികൃത കൈയേറ്റത്തെക്കുറിച്ച് 'മാധ്യമം' ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. വർഷകാലത്ത് കരകവിഞ്ഞൊഴുകുന്ന ഈ തോടിന് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കുന്നതോടെ മഴക്കാലത്ത് പല വീടുകളിലേക്കും വെള്ളം കയറാനും കനത്ത നാശനഷ്ടം ഉണ്ടാകാനും സാധ്യത കൂടുതലാണെന്നാണ് 2020 നവംബർ 10ന് റിപ്പോർട്ട് ചെയ്തത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൂന്ന് സെൻറ് വസ്തുവിലുള്ള ഈ പൊതുകിണർ പ്രദേശത്തെ നൂറു കണക്കിന് ആൾക്കാരുടെ കുടിവെള്ള സ്രോതസ്സായിരുന്നു. ജില്ല ഭരണകൂടത്തിെൻറയും സിവിൽ സ്റ്റേഷെൻറയും ഒരു വിളിപ്പാടകലെയുള്ള പ്രദേശത്താണ് പട്ടാപ്പകൽ അനധികൃതമായ കൈയേറ്റം. കലക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരുടെയും അന്നത്തെ വാർഡ് കൗൺസിലറുടെയും ഒത്താശയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കിണറിന് സമീപത്തുകൂടി ഒഴുകുന്ന തോടിന് മുകൾഭാഗം അന്ന് കോൺക്രീറ്റ് ചെയ്തത് സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് വാഹനഗതാഗതം സുഗമമാക്കാനാണ്. ചട്ടം ലംഘിച്ച് റസിഡൻറ്സ് അസോസിയേഷൻ മിനി ഹാൾ നിർമിച്ചതായി നാട്ടുകാർ പറയുന്നു. ഇൗ കെട്ടിടത്തിെൻറ മറവിലാണ് സ്ലാബുകൾ സ്ഥാപിച്ചത്. ഏകദേശം 35 മീറ്ററോളം ഭാഗത്ത് നിർമാണചട്ടങ്ങൾ ലംഘിച്ചു. വീടിന് സമീപത്തെ തോട്ടിൽ അകപ്പെട്ട ബാലനെ കണ്ടെത്താനോ രക്ഷാപ്രവർത്തനം നടത്താനോ സാധിക്കാത്തതിന് ഇൗ സ്ലാബുകൾ തടസ്സമായി. നഗരസഭാ അധികൃതരും റവന്യൂ വകുപ്പും പ്രശ്നത്തിൽ ഇടപെടണമെന്നും അനധികൃത കൈയേറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ അന്നും ആവശ്യപ്പെട്ടെങ്കിലും ആരും ചെവിക്കൊണ്ടിരുന്നില്ല. കിണറിൽ മനഃപൂർവം മാലിന്യം നിക്ഷേപിച്ച് ഉപയോഗശൂന്യമെന്ന് വരുത്തിത്തീർത്തശേഷം മണ്ണിട്ടുമൂടി കിണർ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടി കൈയേറാനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
ദേവിന് അശ്രുപൂജയുമായി അധ്യാപകരും നാട്ടുകാരും
തിരുവനന്തപുരം: തുലാവർഷ പകർച്ചയിൽ നിറഞ്ഞൊഴുകിയ വീടിന് മുന്നിലെ തോട്ടിൽ വീണ് മരിച്ച ഒമ്പതു വയസ്സുകാരൻ ദേവിന് അന്തിമോപചാരവുമായി അധ്യാപകരും നാട്ടുകാരുമെത്തി. തിങ്കളാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയമനടപടികളും കോവിഡ് പരിശോധനയും കഴിഞ്ഞ് ഉച്ചയോടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഒന്നരയോടെ കുടപ്പനക്കുന്നിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് െവച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ., മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, പൊതുപ്രവർത്തകർ, അധ്യാപകർ, നാട്ടുകാർ തുടങ്ങി നൂറുകണക്കിന് ആൾക്കാർ ദേവിന് അന്ത്യോപചാരം അർപ്പിച്ചു. ഉച്ചക്ക് രണ്ടോടെ മൃതദേഹം പിതാവിെൻറ നെയ്യാറ്റിൻകരയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പേരൂർക്കട കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിന് സമീപം ഡി.എൻ.ആർ.എ 18, രാജസരസ്സിൽ വാടകക്ക് താമസിക്കുന്ന ശ്രീലാൽ-ദിവ്യ ദമ്പതിമാരുടെ മകൻ ദേവാണ് വീടിന് മുന്നിലെ തോട്ടിൽ വീണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. തോട്ടിലെ കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ ഒഴുകിപ്പോയ കുട്ടിയെ അഗ്നിരക്ഷാസേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

