തലസ്ഥാനത്തെ അഞ്ചരകോടിയുടെ ഭൂമി തട്ടിപ്പ്; ഡി.സി.സി അംഗം അനന്തപുരി മണികണ്ഠൻ പിടിയിൽ
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ചരകോടിയുടെ ഭൂമി തട്ടിപ്പിലെ മുഖ്യകണ്ണിയായ കോൺഗ്രസ് നേതാവും ആധാരമെഴുത്തുകാരനുമായ അനന്തപുരി മണികണ്ഠൻ പിടിയിലായി. ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗളൂരുവിൽ നിന്നാണ് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അംഗമായ മണികണ്ഠനെ മ്യൂസിയം പൊലീസ് പിടികൂടിയത്. പ്രവാസിയായ സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാൻ വ്യാജ ഇഷ്ടദാന കരാർ ഉള്‍പ്പെടെ ഉണ്ടാക്കിയത് മണികണ്ഠനെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.
ഇയാൾ കേസിലെ അഞ്ചാം പ്രതിയാണ്. മ്യൂസിയം പൊലീസ് കേസെടുത്തതോടെ മുങ്ങിയ മണികണ്ഠന്റെ മുൻകൂർ ജ്യാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ചെന്നൈയിൽ ഹോട്ടലിൽ താമസിച്ചിരുന്ന മണികണ്ഠൻ ബംഗളൂരുവിലേക്ക് മാറിയതായി പൊലീസിന് വിവരം ലഭിച്ചു. ചൊവ്വാഴ്ച രാവിലെ ബംഗളൂരുവിലെ ഹോട്ടലിൽ നിന്നാണ് കസ്റ്റഡിലെടുത്തത്.
തിരുവനന്തപുരം ജവഹർ നഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെന്റ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജരേഖകള്‍ ചമച്ച് സംഘം തട്ടിയെടുത്തത്. കേസിൽ പിടിയിലായ കൊല്ലം സ്വദേശി മെറിന്റെയും വസന്തയുടെയും മൊഴിയിൽ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിക്കുന്നത്.
ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേനയാണ് മെറിന്റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യുന്നത്. മുക്കോല സ്വദേശിയായ വസന്തയെ ഡോറയായി ആള്‍മാറാട്ടം നടത്തി കവടിയാർ രജിസ്ട്രേഷൻ ഓഫിസിലെത്തിച്ചു. കാൻസർ രോഗിയാണ് വസന്ത.
ഇഷ്ടദാനം എഴുതി വാങ്ങിയ ശേഷം അതേ ഭൂമി ചന്ദ്രസേനനെന്നയാളുടെ പേരിൽ ഭൂമാഫിയ സംഘം വിലയാധാരമെഴുതി. ഇതിന്റെയെല്ലാം ചുക്കാൻ പിടിച്ചത് മണികണ്ഠനാണെന്നും ആള്‍മാറാട്ടത്തിന് പണം ലഭിച്ചുവെന്നുമാണ് അറസ്റ്റിലായ രണ്ടു സ്ത്രീകളുടെയും പരാതി. പ്രവാസി സ്ത്രീയുടെ വളർത്തുമകളായ ആള്‍മാറാട്ടം നടത്തിയ മെറിൻ ഒരു എൻ.ജി.ഒ നടത്തുന്നുണ്ട്.
ഇതിന്റെ രജിസ്ട്രേഷന് സഹായം നൽകിയത് മണികണ്ഠനാണ്. ഈ പരിചയം ഉപയോഗിച്ചാണ് ആള്‍മാറാട്ടത്തിന് കൂട്ടുനിന്നത്. മെറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. രജിസ്ട്രേഷൻ-റവന്യു വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. രജിസ്ട്രേഷനായി ഉപയോഗിച്ചിരിക്കുന്ന തിരിച്ചറിയൽ കാർഡ് ഉള്‍പ്പെടെ എല്ലാം വ്യാജമായിരുന്നു. ഇതിലുണ്ടായിരുന്ന ഒരു ഫോണ്‍ നമ്പറാണ് പ്രതികളെ കണ്ടെത്തുന്നതിന് പൊലീസിന് പിടിവള്ളിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

