ക്ഷീരകര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതി വീണ്ടും നടപ്പാക്കും -മന്ത്രി ജെ. ചിഞ്ചുറാണി
text_fieldsമില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂനിയന്റെ ഔദ്യോഗിക
വെബ്സൈറ്റും ഇ-കൊമേഴ്സ് പോര്‍ട്ടലും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ക്ഷീരസാന്ത്വനം’ വീണ്ടും നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയന്റെ (ടി.ആർ.സി.എം.പി.യു) ഔദ്യോഗിക വെബ്സൈറ്റും ഇ-കൊമേഴ്സ് പോര്‍ട്ടലും പട്ടം ക്ഷീരഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അടുത്തിടെ നിര്‍ത്തലാക്കിയ ക്ഷീരസാന്ത്വനം പദ്ധതിയിലൂടെ കന്നുകാലികള്‍ക്കു പുറമെ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ- അപകട-ലൈഫ് ഇന്‍ഷുറന്‍സ് നൽകാന് സാധിച്ചത് ക്ഷീരകര്‍ഷകര്‍ക്ക് ഗുണകരമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മില്‍മ ഉത്പന്നങ്ങളുടെ വിപണനരംഗത്ത് ഇ-കൊമേഴ്സ് പോര്‍ട്ടല്‍ മുതല്‍ക്കൂട്ടാകും. www.milmatrcmpu.com വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ലോകത്തെവിടെ നിന്നും മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.
നാല് ജില്ലകളിലെ ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് 2022-23 വര്‍ഷത്തില്‍ വിരമിച്ച 36 സെക്രട്ടറിമാരെയും മന്ത്രി ആദരിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരംഗന്, വി എസ്. പത്മകുമാര്‍, കെ ആര്. മോഹനന് പിള്ള, ആസിഫ് കെ. യൂസഫ് എന്നിവരും സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

