പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ വീണ്ടും വിമർശനം
text_fieldsതിരുവനന്തപുരം: പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ സി.പി.എം ജില്ല സമ്മേളനത്തിൽ ശനിയാഴ്ചയും വിമർശനം. പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന ആക്ഷേപം പ്രതിനിധികളുയർത്തി. മുഖ്യമന്ത്രിയുടെ ഓഫിസിൽ എന്തെങ്കിലും അന്വേഷിച്ചാൽ മറുപടി പോലും ലഭിക്കുന്നില്ലെന്നും ചിലർ വിമർശിച്ചു.
കഴിഞ്ഞ സർക്കാറിൽ എം.വി. ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫിസിലിരിക്കുമ്പോൾ മാത്രമാണ് ആ ഓഫിസ് കാര്യമായി പ്രവർത്തിച്ചതെന്നും അദ്ദേഹം പോയ ശേഷം ഓഫിസ് പൊതുജന സൗഹൃദമെല്ലന്നും അഭിപ്രായമുയർന്നു.
എം.വി. ജയരാജൻ കുറച്ചുകൂടി ജനകീയനായതിനാൽ നിങ്ങൾക്ക് അടുപ്പം തോന്നുന്നതാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ മറുപടി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പൊലീസിനെ നിയന്ത്രിച്ചയാൾതന്നെയാണ് ഇപ്പോഴുമവിടെ പൊലീസ് കാര്യങ്ങൾ നോക്കുന്നത്.
കഴിഞ്ഞ സർക്കാറിലും തുടക്കത്തിൽ മന്ത്രിമാരിൽ ഏറെയും പുതുമുഖങ്ങളായിരുന്നു. പിന്നീട് കാര്യങ്ങൾ പഠിച്ചുവന്നപ്പോഴാണ് സ്ഥിതി മെച്ചപ്പെട്ടത്. അവർ ശോഭിച്ചതുപോലെ സമയം കൊടുത്താൽ ഈ സർക്കാറും നല്ല നിലയിൽ വരും. അതിനാൽ സർക്കാറിന് പ്രവർത്തിക്കാൻ സാവകാശം നൽകണം.
ചർച്ചയിലുയർന്ന വിമർശനങ്ങൾ അതത് വകുപ്പുകളുടെ ശ്രദ്ധയിൽ പെടുത്തും. പാവങ്ങളെ തടയുന്ന രീതി ഉണ്ടാകില്ല. ജനകീയപ്രശ്നങ്ങളിൽ പൊലീസ് സ്റ്റേഷനിൽ പോകാൻ ആർക്കും തടസ്സമില്ല. എന്നാൽ, മാഫിയകൾക്കുവേണ്ടി ഒരിക്കലും പാർട്ടി പ്രവർത്തകർ ഇടപെടരുത്. ആർ.എസ്.എസുകാരായവരും പൊലീസിലുണ്ടാകാം. പൊലീസിൽ പ്രശ്നങ്ങൾ എല്ലാ കാലത്തുമുണ്ട്. അതിൽ തിരുത്തലുകളുണ്ടാകുമെന്നും കോടിയേരി ഉറപ്പു നൽകി.
തലസ്ഥാന ജില്ലയിൽ ബി.ജെ.പി വളരുകയാണെന്നും അതിനെ പ്രതിരോധിക്കാനോ പാർട്ടിയെ ഉയർച്ചയിലേക്ക് നയിക്കാനോ ജില്ല നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്നും വിമർശനമുണ്ടായി. നികുതിവെട്ടിപ്പ് അടക്കം തട്ടിപ്പ് കേസുകളിൽ പ്രതികളുടെ പാർട്ടി ബന്ധം കണ്ടെത്തിയിട്ടും നേതൃത്വം ഇടപെട്ടില്ല എന്നത് ചിന്തിക്കാൻ പോലുമാകാത്തതാണ്. പി.എസ്.സി പരീക്ഷ തട്ടിപ്പ് വിവാദം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. എന്നിട്ടും ജില്ല നേതൃത്വത്തിേന്റത് കുറ്റകരമായ മൗനമായിപ്പോയെന്നും ചിലർ വിമർശിച്ചു.
രണ്ടാം പിണറായി സർക്കാറിന് വേഗം പോരെന്ന് ജില്ല സമ്മേളനത്തിൽ വിമർശനം
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പിണറായി സർക്കാറിനു വേഗം പോരെന്ന് സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിന്റെ രണ്ടാം ദിവസം വിമർശനം. അഞ്ചു വർഷം ഭരിച്ച സർക്കാറിനോട് ഒമ്പതു മാസം മാത്രം പ്രായമായതിനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശനത്തെ പ്രതിരോധിച്ചു.
പ്രവർത്തന, സംഘടന റിപ്പോർട്ടുകളിന്മേലുള്ള പ്രതിനിധി ചർച്ച ശനിയാഴ്ച വൈകീട്ടോടെ പൂർത്തിയായി. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ മറുപടി നൽകി. ഞായറാഴ്ച പുതിയ ജില്ല കമ്മിറ്റിയുടെയും ജില്ല സെക്രട്ടറിയുടെയും ജില്ല സെക്രട്ടേറിയറ്റിന്റെയും െതരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന സമ്മേളന പ്രതിനിധികളെയും നിശ്ചയിക്കും. വൈകീട്ട് നാലിന് ഓൺലൈൻ പൊതുയോഗം കോടിയേരി ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയുടെയും ആരോഗ്യ, വ്യവസായ മന്ത്രിമാരുടെയും ഓഫിസുകൾക്കെതിരെ പ്രതിനിധികൾ കടുത്ത വിമർശനമഴിച്ചുവിട്ടു. മെഗാ തിരുവാതിര വിവാദത്തിൽ ആദ്യദിനം ആരും മിണ്ടിയില്ലെങ്കിലും രണ്ടാം ദിവസം ജില്ല നേതൃത്വത്തിനെതിരെ വിമർശനമുണ്ടായി.
മന്ത്രിമാരുടെ ഓഫിസുകൾ നിർജീവമാണെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ അടക്കം വിമർശിച്ചതായാണ് വിവരം. സർക്കാറിന് വേഗക്കുറവുണ്ട്. ഒന്നാം പിണറായി സർക്കാറിന്റെ വേഗം ഇപ്പോഴില്ല. കോർപറേഷനിലുണ്ടായ പട്ടികജാതി ഫണ്ട് വെട്ടിപ്പ് ഗൗരവമുള്ളമാണ്. അതിൽ പാർട്ടി അന്വേഷണം വേണം.
വനിത സംവരണത്തിനായി വാദിക്കുമ്പോഴും നിയമസഭയിലടക്കം വനിതകളെ പാർട്ടി തഴയുകയാണെന്ന് വഞ്ചിയൂർ ഏരിയ കമ്മിറ്റിയിൽനിന്നുള്ള പ്രതിനിധികൾ ആരോപിച്ചു. ജില്ല സെക്രട്ടറിയായി വനിതയെ കൊണ്ടുവരുന്നതുപോലുള്ള ചർച്ചകളില്ല. ആരോഗ്യ, വ്യവസായ മന്ത്രിമാർക്കെതിരെ വിമർശനമുയർന്നപ്പോൾ മന്ത്രി മുഹമ്മദ് റിയാസിനെ ചില പ്രതിനിധികൾ പുകഴ്ത്തിയതും ശ്രദ്ധേയമായി.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫിസിൽ പാവങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥിതിയാണ്. വ്യവസായമന്ത്രിയുടെ ഓഫിസ് പ്രമാണിമാരുടെ കേന്ദ്രമായെന്ന് കോവളം ഏരിയയിൽനിന്നെത്തിയ പ്രതിനിധികൾ വിമർശിച്ചു. സ്ത്രീകൾക്കെതിരെ അപവാദപ്രചാരണം നടത്തുന്നത് പാർട്ടിയിലേക്ക് കടന്നുവരുന്നവരെ പിറകോട്ടടിക്കുന്നു. നേതാക്കളുടെ വീടുകളിൽനിന്ന് പാർട്ടി പരിപാടികൾക്ക് സ്ത്രീകളെ വിടുന്നില്ല. താലിബാനെ സഹായിക്കുന്ന ചൈനയുടെ ഇന്നത്തെ സാമ്പത്തികനയങ്ങൾ നോക്കുമ്പോൾ എങ്ങനെ കമ്യൂണിസ്റ്റ് രാജ്യമെന്ന് പറയാനാകും? കാലാവസ്ഥവ്യതിയാനത്തിലും വില്ലൻ ചൈനയാണെന്നും വിമർശനമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

