വയോധികയെ കെട്ടിയിട്ട് രണ്ടര പവന് സ്വര്‍ണം കവര്‍ന്നു; പ്രതി പിടിയില്‍
text_fieldsമധു
മെഡിക്കല്‍ കോളജ്: ഉളളൂരിനു സമീപം പ്രശാന്ത് നഗറില്‍ ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറി കെട്ടിയിട്ട് രണ്ടര പവന്റെ സ്വര്‍ണം കവര്‍ന്നെടുത്ത കേസിലെ പ്രതിയെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവയ്ക്കല്‍ ആക്കുളം പ്രശാന്ത് നഗര്‍ അയ്ത്തടി ലെയ്നില്‍ സുരഭി ഗാര്‍ഡന്‍സില്‍ ഗൗരി നന്ദനം വീട്ടില്‍ ടി.പി. മധു (58) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി വയോധികയുടെ മുഖത്ത് കൈലി മുണ്ട് ഉപയോഗിച്ച് ചുറ്റുകയും ബലം പ്രയോഗിച്ച് കട്ടിലില്‍ സാരി ഉപയോഗിച്ച് കൈകള്‍ കെട്ടിയിടുകയായിരുന്നു.
നിലവിളിക്കാന്‍ ശ്രമിച്ച വയോധികയുടെ വായില്‍ തുണി തിരുകി കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കഴുത്തിലുണ്ടായിരുന്ന രണ്ട് പവന് തൂക്കം വരുന്ന സ്വര്‍ണമാലയും കൈയിലുണ്ടായിരുന്ന നാല് ഗ്രാം തൂക്കം വരുന്ന മോതിരവും കവർന്നു. മോഷണ ശ്രമത്തിനിടെ വയോധകക്ക് ദേഹോപദ്രവവും ഏറ്റു. കവര്‍ച്ചയ്ക്ക് ശേഷം ആഭരണങ്ങള്‍ ചാലയിലെ ജ്വല്ലറിയില്‍ വില്‍ക്കുകയും പണവുമായി ഒളിവില്‍ പോകുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും സംശയമുളളവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ ആഭരണം വിറ്റുകിട്ടിയ പണവുമായി നിന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ ബി.എം. ഷാഫിയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

