തലസ്ഥാനത്ത് സി.പി.എമ്മിൽ ‘ശുദ്ധികലശം’ തുടരുന്നു
text_fieldsതിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സി.പി.എമ്മിൽ അച്ചടക്ക നടപടി തുടരുന്നു. കഴിഞ്ഞദിവസം നേമം ഏരിയ കമ്മിറ്റിയിലായിരുന്നു നടപടിയെങ്കിൽ അതിനുപിന്നാലെ വിളവൂര്‍ക്കൽ സി.പി.എമ്മിലാണ് കൂട്ട നടപടി. ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസിൽ മതിയായ ജാഗ്രതയുണ്ടായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മലയം ബിജുവിനെ നീക്കുകയും താക്കീത് നൽകുകയും ചെയ്തു. ലോക്കല്‍ കമ്മിറ്റിയംഗം ജെ.എസ്. രഞ്ജിത്തിനെ തരംതാഴ്ത്തി. മറ്റ് രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങളെ താക്കീത് ചെയ്തു. എന്നാൽ ലോക്കല്‍ സെക്രട്ടറി ബിജുവിനെ മാറ്റിയത് ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തെത്തിയതിനാലാണെന്നാണ് പാര്‍ട്ടി വിശദീകരണം.
16കാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവുൾപ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്.
പ്രതി ജിനേഷിന്റെ കാര്യത്തില്‍ മതിയായ ജാഗ്രത പാർട്ടിയിലുണ്ടായില്ലെന്ന വിലയിരുത്തലിലാണ് നടപടി. പാര്‍ട്ടി നയസമീപനങ്ങൾക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേതൃത്വം താക്കീത് ചെയ്തതിന് പിന്നാലെയാണ് നടപടി.
16കാരിയെ പീഡിപ്പിച്ച കേസിൽ ജിനേഷ് അടക്കം ആറ് പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘കഞ്ചാവ് ബോയ്സ്’ വാട്സ്ആപ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ ഫോൺ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് ഏഴുപേരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ഫോണിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം.
പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ജിനേഷ് മൊബൈലിൽ പകര്‍ത്തിയതായും ആക്ഷേപമുണ്ട്. ജിനേഷ് എം.ഡി.എം.എ ഉൾപ്പെടെ ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വിവരമുണ്ടായെങ്കിലും ലഹരി ഉൽപന്നങ്ങൾ കണ്ടെത്താത്തതിനാൽ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് വിശദീകരണം.
ദിവസങ്ങൾക്കുമുമ്പ് ചേർന്ന സി.പി.എം സംസ്ഥാന സമിതിയിൽ സി.പി.എം ജില്ല നേതൃത്വത്തിനുനേരെ ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് നടപടിയിലേക്ക് കടന്നത്. മദ്യപിച്ച് നൃത്തം ചെയ്ത എസ്.എഫ്.ഐ ജില്ല പ്രസിഡന്റിനെയും സെക്രട്ടറിയേയും മാറ്റി. ലഹരി വിരുദ്ധ പ്രവർത്തനത്തിനിടെ ബാറിൽ കയറി മദ്യപിച്ച ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗത്തെ സസ്പെൻഡ് ചെയ്തു. ഏരിയ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

