ദമ്പതിമാർ അപകടത്തിൽ മരിച്ച സംഭവം; വാഹനം കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsകിളിമാനൂർ: കിളിമാനൂർ പാപ്പാലയിൽ ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാർ പിന്നിൽ നിന്ന് വന്ന ജീപ്പ് ഇടിച്ച് മരിച്ച സംഭവത്തിൽ, അപകടമുണ്ടാക്കിയ ജീപ്പ് പൊലീസ് സ്റ്റേഷന് സമീപം കത്തിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ പുല്ലുപണ ഗോവിന്ദമംഗലം താഴേപണ വീട്ടിൽ വിപിൻ (32), പുല്ലുപണ ചരുവിള പുത്തൻവീട്ടിൽ വിശാൽ (27) എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി നാലിന് പാപ്പാലയിൽ വച്ച് കുമ്മിൾ പുതുക്കോട് രാജേഷ് ഭവനിൽ രജിത്ത് (40), അംബിക(31) ദമ്പതിമാർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ അമിത വേഗതയിൽ വന്ന ജീപ്പാണ് ഇടിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജനുവരി ഏഴിന് അംബികയും 19ന് രജിത്തും മരിച്ചത്. അപകടമുണ്ടാക്കായ ഥാർ ജീപ്പ് സംഭവദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനു സമീപം കൊണ്ടിട്ടിരുന്നു. രജിത്ത് മരിച്ച 19ന് രാത്രി ബൈക്കിലെത്തിയ പ്രതികൾ പെട്രോൾ ഒഴിച്ച് ജീപ്പ് കത്തിക്കുകയായിരുന്നു. പൊലീസെത്തി തീ കെടുത്തിയതിനാൽ വാഹനം പൂർണമായും കത്തിയില്ല. തുടർന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതി വിപിൻ അപകടത്തിൽ മരിച്ച ദമ്പതിമാരുടെ ബന്ധുവാണ്. സംഭവത്തിൽ പൊലീസ് തുടക്കം മുതൽ വീഴ്ച വരുത്തിയതായി ആരോപണമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് രജിത്ത് മരിച്ച ദിവസം പ്രതികൾ ജീപ്പ് കത്തിച്ചത്. പൊലീസ് തെളിവുനശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ജീപ്പ് കത്തിച്ചതെന്നും ആരോപണമുയർന്നിരുന്നു. പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് രജിത്തിന്റെ മൃതദേഹവുമായി 20ന് നാട്ടുകാരും ജനപ്രതിനിധികളും സ്റ്റേഷൻ ഉപരോധിച്ചരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

