അമ്പൂരി പഞ്ചായത്തിലെ അഴിമതി: പരസ്പരം ആരോപണവുമായി ഭരണ-പ്രതിപക്ഷങ്ങള്‍
text_fieldsവെള്ളറട: അമ്പൂരിയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അരക്കോടി രൂപ തട്ടിയെടുത്തത് പുറത്തായതിനു പിന്നാലെ അഴിമതി ആരോപണങ്ങളുമായി ഭരണ-പ്രതിപക്ഷങ്ങള്‍. അമ്പൂരി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് കമ്മിറ്റി കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി പ്രമേയം അവതരിപ്പിച്ചു. 45 ലക്ഷത്തോളം രൂപ തിരിമറി നടത്തിയിട്ടുണ്ടെന്ന കുടുംബശ്രീ ജില്ല മിഷന്‍ കണ്ടെത്തലിനെ തുടര്‍ന്നാണ് യു.ഡി.എഫ് പ്രതിനിധികള്‍ ആവശ്യം ഉയര്‍ത്തിയത്.
കുടുംബശ്രീയുടെ മെംബര്‍ സെക്രട്ടറി എന്ന നിലയില്‍ വി.ഇ.ഒ യുടെയും സി.ഡി.എസ് ചെയര്‍പേഴ്‌സന്‍റെയും ജോയന്‍റ് അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുകയാണ് കാണാതായത്. ജോയന്‍റ് അക്കൗണ്ട് ആയതിനാല്‍ പണം പിന്‍വലിക്കണമെങ്കില്‍ വി.ഇ.ഒയും ചെയർപേഴ്‌സണും ചെക്കില്‍ ഒപ്പിടണം.
ഒരാള്‍ മാത്രം ഒപ്പിട്ട് തുക പിന്‍വലിച്ചെന്നും ചെക്ക് ലീഫ് മോഷ്ടിച്ച് പണം പിന്‍വലിച്ചെന്നുമുള്ള വിശദീകരണങ്ങള്‍ വിശ്വസനീയമല്ല. കോവിഡ് കാലത്ത് സി.പി.എം നേതൃത്വത്തില്‍ നടന്ന സാമൂഹിക അടുക്കളക്കെതിരെയും അന്വേഷണത്തിന് പഞ്ചായത്ത് തീരുമാനിച്ചു.
പാഥേയം, ജനകീയ ഹോട്ടല്‍ പദ്ധതികള്‍ നടപ്പാക്കിയതിൽ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ രുചി കാറ്ററിങ് യൂനിറ്റിനെതിരെ അന്വേഷണം നടത്താനും നടപടികള്‍ സ്വീകരിക്കാനും പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. സാമ്പത്തിക തിരിമറികളില്‍ വി.ഇ.ഒക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വീണ്ടും ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസറോട് ആവശ്യപ്പെടാനും ഭരണ സമിതി തീരുമാനിച്ചു.
എന്നാല്‍, ഭരണ സമിതിയുടെ ഒത്താശയോടെ ഉദ്യോഗസ്ഥന്‍ നടത്തിയ ലക്ഷങ്ങളുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഭവന നിര്‍മാണത്തിനും പുനരുദ്ധാരണത്തിനുമായി സര്‍ക്കാര്‍ അനുവദിച്ച തുക ഉപഭോക്താക്കള്‍ക്ക് നല്‍കാതെ സ്വകാര്യ അക്കൗണ്ടിലേക്കു മാറ്റിയെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ ജനങ്ങളെ പറ്റിക്കുകയാണ് ഇരു മുന്നണികളുമെന്ന് ബി.ജെ.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

