കോർപറേഷൻ ഇടപാടുകൾ ഓൺലൈനാക്കും- വി.വി രാജേഷ്
text_fieldsവി.വി രാജേഷ്
തിരുവനന്തപുരം: കോർപറേഷനിലെ എല്ലാ ഇടപാടുകളും ഓൺലൈനാക്കുമെന്ന് മേയർ വി.വി രാജേഷ്. തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഡോർ ശൈലിയുടെ ചെറിയ മാതൃകയിൽ തിരുവനന്തപുരത്ത് മാലിന്യ സംസ്‌കരണം നടപ്പാക്കും. തെരുവുനായ പ്രശ്‌നത്തിനും ഷെൽട്ടർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി പരിഹാരം കാണും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തീരുമാനമെടുക്കും.
കോർപറേഷന് കിട്ടേണ്ട കോടിക്കണക്കിന് രൂപ ചോരുന്നുണ്ട്, വാഹനങ്ങൾ പലതും ദുരുപയോഗം ചെയ്യുന്നുണ്ട്. വെറുതെ കിടന്നു നശിക്കുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതുമായ കോര്‍പറേഷന്‍ വാഹനങ്ങളുടെ വിഷയത്തിലും വേണ്ട നടപടിയെടുക്കും. മുൻ മേയർക്കെതിരെ മുൻ കൗൺസിലർ ശ്രീകുമാർ പരാതി നൽകിയിട്ടുണ്ട്. അത് പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും. കോർപറേഷന് കീഴിലുള്ള കെട്ടിടങ്ങളിൽ പലതിനും കാലഹരണപ്പെട്ട വാടകയാണ് ഈടാക്കുന്നത്. അതൊക്കെ പുനഃപരിശോധിച്ച് വരുമാന മാർഗമാക്കി മാറ്റും. കോർപറേഷനിലെ വരുമാനച്ചോർച്ചയും നികുതി ചോർച്ചയും തടയും. തെരുവു കച്ചവടക്കാർക്കായി കേന്ദ്രത്തിന്റെ ധനസഹായം ലഭ്യമാക്കാനുള്ള നടപടികളെല്ലാം കൈക്കൊള്ളും.
സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കോര്‍പറേഷന്‍ വാങ്ങിയ 113 ഇലക്ട്രിക് ബസുകൾ നഗരത്തിനുള്ളിൽ തന്നെ സർവീസ് നടത്തുന്നുവെന്ന് ഉറപ്പാക്കും. നിലവിൽ പല ബസുകളും മറ്റ് ജില്ലകളിലും റൂറൽ ഏരികളിലും സർവിസ് നടത്തുന്നതായി ആരോപണമുണ്ട്. കോർപറേഷനിൽ നിലവിൽ ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് അനധികൃത നിയമനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി വി.വി രാജേഷ് പറഞ്ഞു. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് പ്രധാന ഉദ്ദേശം.
വയോമിത്രം കൂടുതൽ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കും. മെഡിക്കല്‍ ടൂറിസം, സ്പിരിച്വല്‍ ടൂറിസം, വിഴിഞ്ഞം പോര്‍ട്ടിന്റെ വികസനം, ഐടി മേഖല തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മേയർ അഭിപ്രായപ്പെട്ടു. ഡെപ്യുട്ടി മേയർ ആശനാഥും ചടങ്ങിൽ പങ്കെടുത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്. ശ്രീകേഷ്, സെക്രട്ടറി പി.ആർ പ്രവീൺ, ട്രഷറർ വി. വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

