കിച്ചൺ ബിന്നിൽ കുരുങ്ങി കോർപറേഷൻ കൗൺസിൽ
text_fieldsതിരുവനന്തപുരം: കിച്ചൺ ബിന്നിൽ കുരുങ്ങി കോർപറേഷൻ കൗൺസിൽ യോഗം. കിച്ചൺ ബിന്നിന്റെ വിതരണത്തിനായി ഒമേഗ എക്കോ ടെക് പ്രോഡക്ട് ഇന്ത്യ എന്ന കമ്പനിയുമായി കരാറിൽ ഏർപെടാനുള്ള നിർദേശം പ്രതിപക്ഷം എതിർത്തെങ്കിലും കൗൺസിലിൽ തീരുമാനമായി. അടുക്കള മാലിന്യം സംസ്കരിക്കുന്നതിനുള്ള ബയോ കംപോസ്റ്റർ കിച്ചൺ ബിന്നുകൾ വിതരണം ചെയ്യാനായി കോർപറേഷൻ കൈകോർക്കുന്ന ഒമേഗ കമ്പനി മുൻ ഭരണസമിതിയുടെ കാലത്ത് ബിന്നുകൾ വിതരണം ചെയ്തതിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നേരിട്ട കമ്പനിയാണ്.
കിച്ചൺ ബിൻ ഒന്നിന് 1950 രൂപ നിരക്കിൽ 25,000 ബിന്നുകൾ വാങ്ങാനാണ് കോർപറേഷൻ തീരുമാനിച്ചത്. വിജിലൻസ് അന്വേഷണം പൂർത്തിയാകും മുമ്പ് തന്നെ 2022 ഒക്ടോബറിൽ ഒമേഗ കമ്പനിക്ക് നൽകാനുള്ള 1.4 കോടിയുടെ കുടിശ്ശിക നൽകാനായി ആരോഗ്യസമിതി ശുപാർശ ചെയ്തെങ്കിലും അന്ന് കൗൺസിലിൽ അംഗീകാരം ലഭിക്കാത്തതിനാൽ നടക്കാതെ പോയി. കാണാതായ 2220 ബിന്നുകൾ സംബന്ധിച്ച് ദുരൂഹത തുടരുന്നതിനിടെയാണ് പുതിയ കരാറും ഇതേ കമ്പനിക്ക് നൽകാൻ തീരുമാനിച്ചത്.
കിച്ചൺ ബിന്നുകൾ വിതരണം ചെയ്യാൻ കഴിഞ്ഞ സെപ്റ്റംബർ 28നാണ് ടെൻഡർ ക്ഷണിച്ചത്. അഞ്ച് കമ്പനികൾ പങ്കെടുത്തെങ്കിലും നാലെണ്ണം മാത്രമാണ് യോഗ്യത നേടിയത്. രണ്ട് കമ്പനികളുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഒഴിവാക്കി. അവശേഷിച്ചതിൽ ഒമേഗ എക്കോ ടെക് 1975 രൂപയും ഗ്രീൻ വില്ലേജ് 2010 രൂപയും ക്വാട്ട് ചെയ്തു. 25 രൂപ കുറച്ച് ബിന്നുകൾ നൽകാൻ ഒമേഗ എക്കോ ടെക് സന്നദ്ധത അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കരാറിൽ ഏർപ്പെടാൻ ആരോഗ്യ സമിതി തീരുമാനിച്ചത്. കിച്ചൺ ബിന്നിന്റെ വിഷയം മറ്റൊരു കൗൺസിലിൽ ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ബി.ജെ.പി അംഗങ്ങൾ കൗൺസിൽ ബഹിഷ്കരിച്ചു.
തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യവും പൊതുശൗചാലയങ്ങളും റോഡുകളും വൃത്തിയാക്കുന്ന വിഷയവുമെല്ലാം കൗൺസിലിൽ ചർച്ചയായി. 150 പൊതുശൗചാലയങ്ങൾ വൃത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
നഗരസഭ പരിധിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വിവിധ സാമൂഹ്യ സുരക്ഷ പെന്ഷന് ഇനത്തില്‍ 490 പേര്‍ക്ക് അനുവദിക്കുന്നതിനും തിരുവനന്തപുരം നഗരസഭ സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി കായിക പരിശീലനം നല്‍കുന്നതിനായി 108 കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം, 40 കുട്ടികള്‍ക്ക് കളരി, 35 പെണ്‍കുട്ടികള്‍ക്ക് ഫുട്ബോള്‍, 79 ആണ്‍കുട്ടികള്‍ക്ക് ഫുട്ബോള്‍, 40 കുട്ടികള്‍ക്ക് വോളിബാള്‍, 27 കുട്ടികള്‍ക്ക് ബാസ്കറ്റ് ബോള്‍, 32 കുട്ടികള്‍ക്ക് ഹാന്‍ഡ് ബോള്‍ എന്നിവയില്‍ പരിശീലനവും, സ്പോര്‍ട്സ് കിറ്റും നല്‍കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

