കോർപറേഷൻ കൗൺസിൽ; മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയിൽ നടപ്പാക്കിയെന്ന് മേയർ
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയെ തുടർന്ന് മാലിന്യങ്ങള്‍ ഒഴുകി ഓടയില്‍ കെട്ടിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും മാലിന്യം നീക്കം ചെയ്യാന്‍ പ്രത്യേക ജോലികള്‍ കൂടി ഏറ്റെടുക്കാനും കോർപറേഷൻ തീരുമാനിച്ചു. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് മേയർ ആര്യ രാജേന്ദ്രൻ ഇക്കാര്യം അറിയിച്ചത്.
നഗരത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയിൽ നടപ്പാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത അതിതീവ്ര മഴയെ നേരിടാനും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താൻ കഴിഞ്ഞതായും മേയർ അറയിച്ചു. കരാറുകാരന് സമയബന്ധിതമായി പൊഴി മുറിക്കാത്തതുകൊണ്ടാണ് നഗരത്തിൽ വെള്ളക്കെട്ട് പോലുള്ള പ്രയാസങ്ങൾ നേരിടേണ്ടി വന്നത്. ഇതുസംബന്ധിച്ച് കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമാനമായി.
പൊഴി മുറിക്കാന്‍ നിര്‍ദേശം നല്കിയാല് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ അത് നടപ്പാക്കണം. എന്നാല്‍ വളരെ വൈകിയാണ് പൊഴി മുറിച്ചത്. കരാറുകാരന്റെ ഈ ഗുരുതരമായ വീഴ്ചയ്ക്ക് പഴി കേൾക്കുന്നത് നഗരസഭയാണ്. നഗരസഭയുടെ കൃത്യമായ ഇടപെടല്‍ മൂലം കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വലിയ ദുരന്തം ഉണ്ടാകാതെ മഴയെ നേരിടാന്‍ സാധിച്ചതായും മേയർ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തിന് കലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയ മുന്നറിയിപ്പ് യെല്ലോ അലർട്ടാണ്. 125 മി.മീ മഴയാണ് യെല്ലോ അലർട്ടിന്റെ കണക്ക്. എന്നാൽ ലഭിച്ചത് 132 മി.മീ മഴയാണ്. കഠിനമായ മഴയുടെ സാഹചര്യം ഉണ്ടെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടുതന്നെ അടിയന്തര സാഹചര്യം മനസിലാക്കി എച്ച്.ഐ, എ.എച്ച്.ഐ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചു ചേർത്തു. കൗൺസിലർമാർ ആവശ്യപ്പെട്ട അധികതുക ഉൾപ്പെടെ ഫണ്ടുകൾ നൽകി.
മഴയെത്തുടർന്ന് മാലിന്യം അടിഞ്ഞുകൂടി കിടക്കുന്ന പ്രദേശങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട കൗൺസിലർമാർ അറിയിക്കണം. ഏതെങ്കിലും ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ പുറത്തുനിന്നും വാടകയ്ക്ക് എടുക്കണമെങ്കില്‍ അതിന്റെ ചെലവ് നഗരസഭ വഹിക്കാമെന്നും പറഞ്ഞിരുന്നു.
ബി.ജെ.പി തിരുമല വാര്‍ഡ് കൗൺസിലർ കെ അനിൽകുമാറിന്റെ മരണത്തില്‍ അനുശോചിച്ച ശേഷമാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. വിവിധ സ്റ്റാന്റിങ് കമ്മിറ്റികള്‍ പാസാക്കിയ അജണ്ടകള്‍ കൗണ്‍സില്‍ പാസാക്കി. 2024 സെപ്റ്റംബര്‍ മുതല്‍ അനധികൃത അവധിയിലുള്ള നഗരസഭ പാളയം ഹെല്‍ത്ത് സര്‍ക്കിളിലെ സാനിട്ടേഷന്‍ വര്‍ക്കറായ ബി.എസ് പ്രദീപിനെതിരെ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. കോർപറേഷന്റെ സോണൽ ഓഫീസുകളിൽ കുടിവെള്ള ബില്ലുകൾ വൈകിപ്പിക്കുന്നതിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ഉയർന്നു.
തിരുമല അനിലിനെ അനുസ്മരിച്ചു
ആത്മഹത്യ ചെയ്ത തിരുമല വാർഡ് കൗൺസിലർ ഡി. അനിൽകുമാറിന് (തിരുമല അനിൽ) ആദരവ് അർപ്പിച്ച് കോർപറേഷൻ കൗൺസിൽ. ഏത് വിഷയവും പഠിച്ച് കൗൺസിലിൽ അവതരിപ്പിക്കുന്ന അനിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ സൗഹൃദങ്ങൾക്ക് ഉടമായായിരുന്നുവെന്ന് കൗൺസിലർമാർ അഭിപ്രായപ്പെട്ടു. മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, ഡി.ആര്. അനില്‍, ക്ലൈനസ് റൊസാരിയോ, പി. പത്മകുമാര്‍, ജോണ്സണ് ജോസഫ്, എ. മേരി പുഷ്പം, എസ്. സുരേഷ് കുമാര്‍, മേടയില്‍ വിക്രമന്, അംശു വാമദേവന്, എസ്. സലീം, വി. വിജയകുമാരി, രാഖി രവികുമാര്‍, എം.ആര് ഗോപന്, ബി. അശോക് കുമാര്‍, കരമന അജിത്, വി.ജി ഗിരികുമാര്‍, യു. ദീപിക, ചെമ്പഴന്തി ഉദയന്‍ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

