പാചകവാതക വിലവർധന; തീൻമേശയിൽ ‘തീപിടിത്തം’...
text_fieldsതിരുവനന്തപുരം: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്നതോടെ പിടിച്ചുനിൽക്കാൻ ഹോട്ടലുടമകൾ ഭക്ഷണ സാധനങ്ങൾക്ക് തോന്നുംപോലെ വില കൂട്ടിയത് സാധാരണക്കാർക്ക് ഇരുട്ടടിയാകുന്നു. പുറത്തിറങ്ങിയാൽ കട്ടൻചായ പോലും കുടിക്കാനാകാത്ത സ്ഥിതിയാണ്. വിശന്നുവലഞ്ഞ് എന്തെങ്കിലും കഴിക്കാമെന്നുവെച്ചാൽ പോക്കറ്റ് കാലിയാകും. ഓരോ ഹോട്ടലിലും അവർക്ക് യോജിച്ചരീതിയിൽ വില ഉയർത്തി.
വാണിജ്യ പാചകവാതക ക്ഷാമമുണ്ടായ ആദ്യഘട്ടത്തിൽ ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ സിലിണ്ടറുകളുടെ വില ഉയർത്തിയതോടെ വില വീണ്ടും കൂട്ടി. പശ്ചിമേഷ്യയിൽ സംഘർഷമുണ്ടാകുംമുമ്പ് ചായക്കും ചെറുകടികൾക്കും 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്. സംഘർഷം രൂക്ഷമായതോടെ പാചകവാതക ക്ഷാമമുണ്ടായി.
ഹോട്ടൽ മേഖലക്ക് ആവശ്യത്തിന് പാചകവാതകം കിട്ടാതായതോടെ പലതും താൽക്കാലികമായി അടച്ചു. തുറന്നു പ്രവർത്തിച്ചവരാകട്ടെ ഭക്ഷണവില ഉയർത്തി. ചായയുടെയും ചെറുകടികളുടെയും വില 12 ആക്കി. ഭക്ഷണവിലവർധനവിൽ പ്രതിഷേധങ്ങളുയരാത്തതിനാൽ പിന്നീട് തോന്നുംപോലെ വില ഈടാക്കാൻ തുടങ്ങി. സിലിണ്ടറുകളുടെ വില വർധിപ്പിച്ച സാഹചര്യത്തിൽ ഭക്ഷണവില വീണ്ടും വർധിപ്പിച്ചു. ചായക്കും ചെറുകടികൾക്കും 15 മുതൽ 20 രൂപ വരെയാണ് ഇപ്പോൾ വില. നാല് രൂപ മുതൽ 40 രൂപ വരെയാണ് വിവിധ വിഭവങ്ങൾക്ക് വർധിപ്പിച്ചത്. ഉച്ചയൂണിന്റെ വില പലയിടത്തും പലതാണ്. 150 രൂപ വരെ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്. പൊറോട്ടയുടെയും ചപ്പാത്തിയുടെയും വില നേരത്തെ വർധിപ്പിച്ചതിനാൽ ഇത്തവണ മാറ്റമില്ല. ചിക്കൻ, ബീഫ്, മീൻ വിഭവങ്ങളുടെ വിലയിലും വർധനയുണ്ട്.
ചെറിയ കടകളിൽ ചായക്ക് രണ്ട് രൂപ കൂട്ടിയപ്പോൾ വലിയ കടകളിൽ അഞ്ചുമുതൽ 10 രൂപവരെ വർധിപ്പിച്ചു. കാപ്പിക്ക് 20ൽനിന്ന് 25 ആയി. പലഹാരങ്ങൾക്കും വില കൂടി. ഷവർമ, അൽഫാം തുടങ്ങിയ അറേബ്യൻ വിഭവങ്ങൾക്ക് 20 മുതൽ 50 രൂപവരെയും ബിരിയാണിക്ക് 40 രൂപവരെയും വർധിപ്പിച്ചു. വട, പപ്പടം, മറ്റ് പലഹാരങ്ങൾ എന്നിവക്ക് രണ്ട് മുതൽ അഞ്ചുരൂപവരെയാണ് വർധന. എന്നാൽ, ഗ്രാമപ്രദേശങ്ങളിൽ ഭക്ഷണവിലയിൽ വലിയ വർധനവുണ്ടായിട്ടില്ല. വില കൂട്ടിയാൽ കട പൂട്ടേണ്ടിവരുമെന്ന സ്ഥിതിയാണ്. എന്നാൽ, നഗരങ്ങളിലാണ് ഭക്ഷണവില വർധന കൂടുതൽ.
വരുംദിവസങ്ങളിൽ പാതകവാതക പ്രതിസന്ധി രൂക്ഷമായാൽ ഹോട്ടലുകൾ അടച്ചിടേണ്ടിവരുമെന്നാണ് ഉടമകൾ പറയുന്നത്. പലരും വിറകടുപ്പുകളിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായി പ്രായോഗികമല്ല.
പാചകവാതകത്തിന് കരിഞ്ചന്തയിൽ ഇരട്ടിവില
തിരുവനന്തപുരം: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം മുതലെടുത്ത് കരിഞ്ചന്തയിൽ ഇരട്ടിവില. നിലവിൽ 3100 രൂപക്കാണ് 19 കിലോ വാണിജ്യ സിലിണ്ടർ ഹോട്ടലുകൾക്ക് ലഭിക്കുന്നത്. ആവശ്യത്തിന് സിലിണ്ടർ കിട്ടാതായതോടെ പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയുണ്ട്. കരിഞ്ചന്തയിൽ 6000 മുതൽ 8000 രൂപവരെയാണ് ഈടാക്കുന്നത്. ഇത്ര വലിയ തുക നൽകി ഗ്യാസ് വാങ്ങി ഹോട്ടൽ മുമ്പോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്നും നഷ്ടം സഹിക്കാൻ കഴിയില്ലെന്നുമാണ് ഉടമകൾ പറയുന്നത്. പാചകവാതക വില താങ്ങാനാകാത്തവിധം കൂട്ടിയതിനാൽ ഭക്ഷണവില കൂട്ടാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു.
ഏഴ് മാസത്തിനിടെ 1518 രൂപയാണ് വാണിജ്യ സിലിണ്ടറിന് കമ്പനികൾ കൂട്ടിയത്. 19 കിലോ വാണിജ്യ സിലിണ്ടറിന് 993 രൂപയും അഞ്ച് കിലോ സിലിണ്ടറിന് 251.50 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. 2025 ഡിസംബറിൽ 1582 രൂപയായിരുന്ന സിലിണ്ടർ വില 2026 മേയ് ഒന്നിന് 3100 രൂപയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

