സ്മാർട്ടല്ല കാമറകൾ; പൊലീസ് റിപ്പോർട്ടിനെച്ചൊല്ലി വിവാദം
text_fieldsതിരുവനന്തപുരം: സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ നിരത്തുകളിൽ സ്ഥാപിച്ച കാമറകളെച്ചൊല്ലി വിവാദം മുറുകുന്നു. കാമറകള്‍ക്ക് പ്രതീക്ഷിച്ച നിലവാരമില്ലെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തിയതാണ് വിവാദത്തിന് തിരികൊളുത്തിയത്.
കാമറകള്‍ക്ക് ടെണ്ടർ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഗുണനിലവാരമില്ലെന്നാണ് കണ്ടെത്തൽ. നിലവിലുളള ക്യാമറകളിൽ 50 ശതമാനത്തിനും കൃത്യതയില്ലെന്നും ഇതിനകം നടത്തിയ പരിശോധനയിൽ വ്യക്തമാക്കിയിട്ടുണ്ട്. കാമറകൾ ഉപയോഗിച്ച് തുടങ്ങുന്നതിന് മുന്നോടിയായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഗതാഗത നിയമലംഘനടങ്ങളടക്കം കാമറയിൽ പതിയുന്നുണ്ടോ എന്നതും പൊലീസ് പരിശോധിച്ചു. എന്നാൽ ദൃശ്യങ്ങൾ അവ്യക്തമാണെന്നും ഇത് ഉപയോഗിച്ച് നടപടിയെടുക്കൽ അസാധ്യമാണെന്നും സ്മാർട് സിറ്റി സി.ഇ.ഒക്ക് സിറ്റി പൊലീസ് കമീഷണർ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പൊലീസിന്റെ പരിശോധന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സ്മാര്‍ട്ട് സിറ്റിയോട് മേയർ ആര്യ രാജേന്ദ്രൻ വിശദീകരണം തേടി. ചെന്നൈ ആസ്ഥാനമായ കമ്പനിക്കായിരുന്നു ഇൻറഗ്രേറ്റഡ് ട്രാഫിക് മോണിറ്ററിങ് സിസ്റ്റമെന്ന പേരിൽ സ്മാർട്ട് കണ്ട്രോള് റൂം സ്ഥാപിക്കാൻ കരാർ നൽകിയത്. ജി.എസ്.ടി അടക്കം 38 കോടിയായിരുന്നു കരാർ തുക.
കാമറയുടെ ഗുണനിലവാരത്തിന് പുറമേ വയറിങ് ശരിയായ രീതിയില്ല, അനുബന്ധ ഉപകരണങ്ങളില്ല, ബാക്ക് അപ്പ് കുറവ് എന്നിങ്ങനെയുള്ള പോരായ്മകളും പൊലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി കത്ത് നൽകിയിട്ടും ഇതേവരെ സ്മാര്‍ട് സിറ്റി മറുപടി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നു. കാമറകളെല്ലാം സ്ഥാപിച്ചുവെങ്കിലും കണ്ട്രോള് റൂം പൊലീസിന് ഇതുവരെ കൈമാറിയിട്ടില്ല.
കുറ്റകൃത്യങ്ങള്‍ തടയാനുള്ള പദ്ധതിയുടെ ഭാഗമായി ക്യാമറകൾ സ്ഥാപിച്ച് പൊലീസിന് കൈമാറുമെന്നായിരുന്നു നഗരസഭയുടെ വാഗ്ദാനം ചെയ്തിരുന്നത്. പുതിയ കാമറകളും കണ്ട്രോള് റൂമും കിട്ടമെന്ന പ്രതീക്ഷയിൽ നിലവിലെ കണ്ട്രോള് റൂമിന്റെ പ്രവർത്തനം പൊലീസ് ഘട്ടഘട്ടമായി നിർത്തിയിരുന്നു.
കഴിഞ്ഞ ആറ്റുകാൽ പൊങ്കലക്ക് മുമ്പ് ഭാഗികമായി സ്ഥാപിച്ച കാമറകള്‍ ഉപയോഗിച്ച് എ.ആർ ക്യാമ്പിൽ കണ്ട്രോള് തുറന്നു. എന്നാൽ കൺട്രോൾ റൂമിന്റെ പ്രവർത്തനം ഇതുവരെ സ്മാർട്ട് സിറ്റി അധികൃതർ പൊലീസിന് കൈമാറിയില്ല. ക്യാമറകൾ പൂർണമായി സ്ഥാപിച്ച് തീർന്നില്ലെന്നായിരുന്നു സ്മാർട്ട് സിറ്റി പൊലീസിനെ അറിയിച്ചത്. ഇതിനിടെ ഇതുവരെ സ്ഥാപിച്ച കാമറകൾ ഉൾപ്പെടുത്തി കണ്ട്രോള് റൂം ഏറ്റെടുക്കാൻ നഗരസഭ പൊലീസിനോട് ആവശ്യപ്പെട്ടു. കണ്ട്രോള് റൂം ഏറ്റെടുക്കുന്നതിന് മുമ്പ് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് കാമറകൾ ‘സ്മാർട്’ അല്ലെന്ന് വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

