വലിയതുറയിൽ കുടുംബശ്രീ യൂനിറ്റുകൾ തമ്മിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്
text_fieldsവലിയതുറ: കുടുംബശ്രീ യൂനിറ്റിലെ അംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവർ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞദിവസം വൈകുന്നേരം വലിയതുറ സ്റ്റേഷൻ പരിധിയിൽ എൻ.എസ് ഡിപ്പോ ഹാളിൽ ആയിരുന്നു ഏറ്റുമുട്ടൽ.
കുടുംബശ്രീയുമായി ബന്ധപ്പെട്ട് യോഗം സംഘടിപ്പിച്ചിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ മറ്റൊരു കുടുംബശ്രീ യൂനിറ്റിലെ അംഗങ്ങൾ ഹാളിലേക്ക് അതിക്രമിച്ചു കടന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. യൂനിറ്റുകളിലെ ആഭ്യന്തരപ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് വലിയതുറ പോലീസ് അറിയിച്ചു.
രണ്ട് കുടുംബശ്രീ യൂനിറ്റുകളിലെ സ്ത്രീകൾ പരസ്പരം പോരടിക്കുകയായിരുന്നു. ഹാളിനുള്ളിൽ രണ്ട് യൂനിറ്റുകളിൽ നിന്ന് ഏകദേശം 50 ഓളം പേർ ഉണ്ടായിരുന്നതായാണ് സൂചന. കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസെടുത്തതെന്നും അന്വേഷണം നടന്നുവരുന്നുണ്ടെന്നും വലിയതുറ സി.ഐ അറിയിച്ചു. എന്നാൽ രണ്ട് യൂനിറ്റുകളിലെയും അംഗങ്ങൾ വെവ്വേറെ പരാതികൾ നൽകുകയുണ്ടായി. പരാതികൾ പോലീസ് ഫയലിൽ സ്വീകരിച്ചതായും അറിയിച്ചു.

