സി.പി.ഐ ജില്ല കമ്മിറ്റിെക്കതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി
text_fieldsകുണ്ടറ: സി.പി.ഐ കുണ്ടറ മണ്ഡലം സമ്മേളനത്തിൽ സെക്രട്ടറിയെ അടിച്ചേൽപിക്കാനുള്ള ജില്ല നേതൃത്വത്തിന്റെ പിടിവാശി വിഭാഗീയതക്ക് തിരി കൊളുത്തി എന്നാരോപിച്ച് മണ്ഡലം കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങൾ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകി. ജില്ല സെക്രട്ടറി ഉൾപ്പെടെ നേതാക്കൾ മണ്ഡലം കമ്മിറ്റി അംഗങ്ങളോടു മോശം പരാമർശമാണ് നടത്തിയതെന്നും ജില്ല കമ്മിറ്റിയുടെ വിഭാഗീയ നിലപാടിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
സമ്മേളനത്തിന്റെ സമാപന ദിവസം സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല നേതൃതീരുമാനം പോലെ മണ്ഡലം കമ്മിറ്റിയിൽ വെച്ച നിർദേശം ഭൂരിഭാഗം പേരും എതിർത്തതോടെ സമ്മേളനം അലങ്കോലപ്പെട്ടു. മുൻ സെക്രട്ടറി സേതുനാഥിനെ നിയമിക്കണമെന്ന ജില്ല സെക്രട്ടറിയുടെ നിർദേശം 25 പ്രതിനിധികളിൽ 14 പേരും എതിർത്തു. ഒമ്പത് തവണ മണ്ഡലം സെക്രട്ടറിയായിരുന്ന സേതുനാഥ് വിഭാഗീയക്ക് നേതൃത്വം നൽകുകയാണെന്നും നിലവിലെ സെക്രട്ടറി ടി. സുരേഷ് കുമാറിനെ നിലനിർത്തണം എന്നുമായിരുന്നു ആവശ്യം.
സമ്മേളനത്തിൽ പങ്കെടുത്ത സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ. ചന്ദ്രമോഹനൻ, ജില്ല സെക്രട്ടറി പി.എസ്. സുപാൽ, അസി. സെക്രട്ടറിമാരായ സാം കെ. ഡാനിയൽ, എം.എസ്. താര, ജില്ല നേതാക്കളായ മന്മഥൻ നായർ, ആർ.എസ്. അനിൽ, ജി. ബാബു, ജഗദമ്മ എന്നിവരാണ് ജില്ല എക്സിക്യൂട്ടീവ് തീരുമാനമായി സെക്രട്ടറി സ്ഥാനത്തേക്ക് സേതുനാഥിന്റെ പേര് നിർദേശിച്ചത്. സെക്രട്ടറിയെ വോട്ടിനിട്ട് തീരുമാനിക്കണമെന്ന് ഭൂരിഭാഗം അംഗങ്ങളുടെ ആവശ്യത്തെ അച്ചടക്കനടപടി സ്വീകരിക്കും എന്ന ഭീഷണി മുഴക്കിയാണ് ജില്ലാ നേതൃത്വം നേരിട്ടത്. വാക്കേറ്റത്തിനിടെ സേതുനാഥിനെ സെക്രട്ടറിയായി ജില്ല നേതൃത്വത്തിലെ ഒരാൾ പ്രഖ്യാപിച്ചതോടെ പ്രതിനിധികൾ മൈക്ക് വലിച്ച് താഴെയിട്ടു.
തുടർന്നുണ്ടായ വാക്കേറ്റം കൈയാങ്കളിയുടെ വക്കോളമെത്തി. ജില്ല കമ്മിറ്റി തീരുമാനം ഏകാധിപത്യപരമാണെന്നും അംഗീകരിക്കുന്നില്ലെന്നും സെക്രട്ടറിയെ തെരഞ്ഞെടുക്കാതെ സമ്മേളനം പിരിയുകയാണെന്നും പ്രസീഡിയം അറിയിച്ചതോടെ പ്രതിനിധികൾ ഇറങ്ങിപ്പോയി.
‘സമ്മേളനം തല്ലിപ്പിരിഞ്ഞെന്ന പ്രചാരണം അടിസ്ഥാന രഹിതം’
കൊല്ലം: സി.പി.ഐ കുണ്ടറ മണ്ഡലം സമ്മേളനം തല്ലിപ്പിരിഞ്ഞെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ല എക്സിക്യൂട്ടീവ് യോഗം അറിയിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി, ജില്ല സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ, കെ. പ്രകാശ്ബാബു, കെ.ആർ. ചന്ദ്രമോഹനൻ, ആർ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കുണ്ടറ മണ്ഡലം സെക്രട്ടറിയായി ആർ. സേതുനാഥിനെ തെരഞ്ഞെടുത്തതായി എക്സിക്യൂട്ടിവ് അറിയിച്ചു.
കുണ്ടറ മണ്ഡലം സമ്മേളനത്തിൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയ ഡി.സി അംഗങ്ങളായ എ. ഗ്രേഷ്യസ്, മുൻ മണ്ഡലം സെക്രട്ടറി ടി. സുരേഷ്കുമാർ എന്നിവരെയും മണ്ഡലം കമ്മിറ്റിയംഗം വാൾട്ടറെയും ഒരു വർഷത്തേക്ക് അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

