പണമടങ്ങിയ ബാഗ് കവർന്നതായി പരാതി
text_fieldsഒബ്സർവേഷൻ യെല്ലോ വാർഡിൽനിന്ന് പണമടങ്ങിയ ബാഗുമായി പുറത്തേക്ക് പോകുന്ന വയോധികന്റെ സി.സി.ടി.വി ദൃശ്യം
തിരുവനന്തപുരം: ബന്ധുവിന് കൂട്ടിരിക്കാൻ വന്ന വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗും വിലപ്പെട്ട രേഖകളും കവർന്നതായി പരാതി. ഇടിഞ്ഞാർ മങ്കയം നാലുസെന്റ് കോളനി സ്വദേശിനി എസ്.എൽ. രമ്യയാണ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്.
മാർച്ച് 23 നാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ നിരീക്ഷണ വാർഡായ യെല്ലോ വാർഡ് ഒന്നിൽനിന്നാണ് ബാഗ് നഷ്ടമായത്. 9000 രൂപയും ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു.
ബന്ധുവിനെ ഓർത്തോ ഒ.പിയിൽ കാണിക്കാൻ വന്നപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത്. മാസ്ക് ധരിച്ച വയോധികൻ നീല നിറത്തിലുള്ള ബാഗുമായി വളരെ പെട്ടെന്ന് ഒബ്സർവേഷൻ വാർഡിൽനിന്ന് പുറത്തേക്ക് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. രമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

