അംഗീകാരമില്ലാത്ത കോഴ്‌സുകൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകി കബളിപ്പിച്ചതായി പരാതി
text_fieldsപോത്തൻകോട്: അംഗീകാരമില്ലാത്ത കോഴ്‌സുകൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർഥികളെ കബളിപ്പിച്ചതായി പരാതി. പതിനഞ്ച് വർഷമായി പോത്തൻകോട് പ്രവർത്തിക്കുന്ന വെബ് സോൺ കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് വിവിധ സ്ഥലങ്ങളിലുള്ള 18 പേർ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു.
വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾ നടത്തുന്ന ഈ സ്ഥാപനത്തിന് ഡി.ടി.പി കേന്ദ്രം നടത്താനുള്ള ലൈസൻസ് മാത്രമേയുള്ളൂ. 4000 മുതൽ 25000 വരെയാണ് വിവിധ കോഴ്‌സുകൾക്ക് ഫീസ് ഈടാക്കിയിരുന്നത്. കാൻഫെഡ് എന്ന എൻ.ജി.ഒ സംഘടനയുടെ പേരിൽ നിർമിച്ച വ്യാജ സർട്ടിഫിക്കറ്റുകളാണ് വിദ്യാർഥികൾക്ക് നൽകിയിരുന്നത്.
സർക്കാർ അംഗീകാരമുള്ള കോഴ്‌സ് സർട്ടിഫിക്കറ്റുകളാണ് ഇതെന്ന് പറഞ്ഞു പറ്റിച്ചതായും വിദ്യാർഥികൾ പറഞ്ഞു. കാൻഫെഡ് ഇത്തരത്തിൽ കോഴ്‌സുകൾ നടത്തുന്നില്ലെന്നും സംഘടയുടെ പേരും ലോഗോയും സീലും വ്യാജമാണെന്നും കാൻഫെഡ് അധികൃതർ പറഞ്ഞു.
പൊലീസ് കേസെടുത്തതറിഞ്ഞ് പോത്തൻകോട് സ്വദേശിയായ സ്ഥാപനമുടമ രേഖകളെല്ലാം മാറ്റി ഓഫിസ് പൂട്ടി മുങ്ങിയിരിക്കുകയാണ്. തട്ടിപ്പ് തിരിച്ചറിഞ്ഞ് കൂടുതൽപേർ പരാതികളുമായി പോത്തൻകോട് പൊലീസ് സ്റ്റേഷനിലെത്തിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

