കലക്ടറേറ്റ് കാമ്പസിൽ മദ്യപാനം പൊടിപൊടിക്കുന്നു; ഒഴിഞ്ഞ മദ്യക്കുപ്പികൾ കുന്നുകൂടി
text_fieldsകുടപ്പനക്കുന്ന് കലക്ടറേറ്റിൽ വാഹന പാർക്കിങ്ങിന് സമീപം
ഒഴിഞ്ഞഭാഗത്ത് കുന്നുകൂടി കിടക്കുന്ന മദ്യക്കുപ്പികൾ
പേരൂർക്കട: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ കലക്ടറേറ്റ് പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പികൾ കുന്നുകൂടുന്നു. സിവിൽ സ്റ്റേഷനിൽ സി- ബ്ലോക്ക് കെട്ടിടത്തിനുവേണ്ടി സ്ഥലം കണ്ടെത്തിയിരിക്കുന്ന ഭാഗത്താണ് മദ്യക്കുപ്പികൾ കൂമ്പാരമായി കിടക്കുന്നത്. വിവിധതരത്തിലുള്ള മദ്യക്കുപ്പികളും കുപ്പിവെള്ളത്തിന്റെ ഒഴിഞ്ഞ ബോട്ടിലുകളും കരിക്കിൻ തൊണ്ടുകളുമാണ് ഈ ഭാഗത്ത് ചിന്നിച്ചിതറി കിടക്കുന്നത്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സമീപത്തായി ഒഴിഞ്ഞുകിടക്കുന്ന ഈഭാഗത്ത് കുറ്റിക്കാടുണ്ട്. ആരുടെയും ശ്രദ്ധ പെട്ടെന്ന് എത്തിച്ചേരാത്ത ഭാഗമായതിനാലാണ് മദ്യപാനികൾ ഇവിടം തെരഞ്ഞെടുത്തിരിക്കുന്നത്. കെട്ടിടത്തിന്റെ പരിസരമാകെ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ രാത്രികാലങ്ങളിലായിരിക്കാം മദ്യപാനമെന്നാണ് സൂചന. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സുരക്ഷാജീവനക്കാർ ജോലി നോക്കിവരുന്നത്. ഒരുദിവസം ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണ് ഡ്യൂട്ടിക്കുണ്ടാകുക. ഇവരുടെ ശ്രദ്ധ എല്ലാ ഭാഗത്തും എത്തിപ്പെടുക ഏറെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ജില്ല ഭരണസിരാകേന്ദ്രം നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതുണ്ട്.
രാത്രി ഒമ്പതുമണി കഴിഞ്ഞാൽ മദ്യപാനം നടക്കുന്ന പ്രദേശത്തേക്ക് ആളനക്കം ഉണ്ടാകില്ലെന്നതാണ് മദ്യപാനികൾക്ക് അനുഗ്രഹമായി മാറുന്നത്. സിവിൽ സ്റ്റേഷനിലെ പ്രധാന റോഡിന്റെ ഭാഗത്തുനിന്ന് ഇടറോഡിലൂടെ മദ്യപാനം നടക്കുന്ന സ്ഥലത്തേക്ക് എത്താൻ സാധിക്കും. സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുള്ളത് അറിയാതെ എത്തുന്നവരായിരിക്കാം മദ്യപാനത്തിന് പിന്നിലെന്നാണ് സൂചന. മുമ്പ് കലക്ടറേറ്റ് കവാടത്തിന്റെ ഭാഗത്തായി രാത്രികാലങ്ങളിൽ സ്ഥിരമായി മദ്യപാനമുണ്ടായിരുന്നത് പൊലീസ് പട്രോളിങ്ങിലൂടെ ഇല്ലാതാക്കിയിരുന്നു. രാത്രികാലങ്ങളിൽ പൊലീസിന്റെ ശക്തമായ നിരീക്ഷണം ഏർപ്പെടുത്താൻ അധികൃതർ ശ്രദ്ധ പുലർത്തിയാൽ മാത്രമേ മദ്യപാനത്തിന് പരിഹാരം കാണാൻ സാധിക്കുകയുള്ളൂയെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

