മുതലപ്പൊഴിയിൽ അഴിമുഖത്തും ചാനലിലും മണ്ണ് നീക്കം ദ്രുതഗതിയിലെന്ന് കലക്‌ടർ
text_fieldsതിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകട പരമ്പരയെ തുടർന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയ എടുത്ത കേസിൽ അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ നടന്നുവരുന്നതായും കാലാവസ്ഥ അനുകൂലമായതിനാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിയുമെന്നും കലക്ടർ അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന കമീഷന്റെ സിറ്റിങിലാണ് കലക്‌ടർ വിവരം അറിയിച്ചത്. തെക്കേ പുലിമുട്ടിന്റെ നീളം വർധിപ്പിക്കുന്ന പ്രവൃത്തിയും ഹാർബറിന്റെ തെക്ക്ഭാഗത്ത് വീണുകിടക്കുന്ന കല്ലുകളും ട്രെഡ്രാപോഡുകളും നീക്കം ചെയ്യുന്ന പ്രവൃത്തിയും പുരോഗമിച്ച് വരികയാണെന്നും പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുന്നതാണെന്നും കലക്ടർ അറിയിച്ചു.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തെ ചാനലിൽ മണ്ണടിഞ്ഞ് പൊഴിയടഞ്ഞതുമായി ബന്ധപ്പെട്ട് മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത തൊഴിലാളികൾക്ക് ധനസഹായം നൽകുന്നതിനായി എട്ട് കോടി രൂപയുടെ പ്രൊപ്പോസൽ ഏപ്രിൽ മാസത്തിൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ധനാനുമതി ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. സർക്കാർ നിർദേശ പ്രകാരം മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാളിതുവരെയായി നൽകിയ ധനസഹായങ്ങളുടെയും ലഭിക്കാത്ത കുടുംബങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ഫിഷറീസ് ഡയറക്ടർ കമിഷൻ മുമ്പാകെ റിപ്പോർട്ട് ചെയ്തു.
വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ മുട്ടയ്ക്കാട് എൽ.എം.എസ് എൽ.പി.എസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റ് കമിഷൻ മുമ്പാകെ സമർപ്പിച്ച ഹർജിയിൽ, പരാതി സംബന്ധിച്ച രേഖകളും വിശദമായ റിപ്പോർട്ടും രണ്ടാഴ്ചയ്ക്കുള്ളിൽ കമിഷൻ മുമ്പാകെ ഹാജരാക്കാൻ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി. ചെയർമാൻ എ.എ. റഷീദ് ഹർജികൾ പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

