പ്രചാരണം അവസാന ലാപ്പിലേക്ക്; കൊണ്ടും കൊടുത്തും മുന്നണികൾ
text_fieldsയു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് വോട്ട് തേടുന്നു,
ചിറയിൻകീഴ്: വികസന നേട്ടങ്ങളും എതിരാളികളുടെ കോട്ടങ്ങളും എണ്ണിപ്പറഞ്ഞ് സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണത്തിൽ മുന്നേറുന്നു. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം. നിലവിലെ എം.എൽ.എ വി. ശശിയുടെ ചിത്രത്തോടുകൂടിയ വികസന നേട്ടങ്ങളുടെ പ്രത്യേക ഡിജിറ്റൽ പോസ്റ്ററുകൾ ഇടതുപക്ഷം തയാറാക്കി പ്രചരിപ്പിക്കുന്നുണ്ട്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കിയ പുതിയ ബഹുനില മന്ദിരം ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ, റെയിൽവേ മേൽപ്പാലം പൂർത്തീകരണം, മുതലപ്പൊഴി അപകടരഹിതമാക്കാനുള്ള പദ്ധതി തുടങ്ങിയവ മുൻനിർത്തിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം. വിവിധ കുടിവെള്ള പദ്ധതികൾ, ജലശുദ്ധീകരണ പ്ലാന്റുകൾ, പ്രേംനസീർ സ്മാരകം, ശാർക്കര ബൈപ്പാസ്, സ്കൂളുകളിലെ വികസന പ്രവർത്തനങ്ങൾ, കോളൂർ സ്റ്റേഡിയം നിർമാണം തുടങ്ങിയ പ്രാദേശിക പദ്ധതികളും മത്സ്യമേഖലക്കായുള്ള ക്ഷേമ പദ്ധതികളും എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നു.
വിവിധ പദ്ധതികളുടെ നിർവഹണ വീഴ്ചകളും കെടുകാര്യസ്ഥതയും മുൻനിർത്തിയാണ് യു.ഡി.എഫിന്റെ പ്രചാരണം. താലൂക്ക് ആശുപത്രിയിൽ പുതിയ ബഹുനിരമന്ദിരം ഉദ്ഘാടനം ചെയ്തെങ്കിലും ആശുപത്രി പ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ സജ്ജമാക്കിയിട്ടില്ലെന്നും ഡോക്റ്റർമാരുടെയും നഴ്സുമാരുടെയും നിയമനത്തിന് സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും അവർ വിമർശിക്കുന്നു. ചിറയിൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, അഴൂർ, കഠിനംകുളം തുടങ്ങിയ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിൽ ഭരണനേതൃത്വം പരാജയപ്പെട്ടു. മുതലപ്പൊഴിയിലെ നടപടികളിൽ അശാസ്ത്രീയതയും വീഴ്ചകളും തുടരുന്നുവെന്നും സോയിൽ ഡ്രഞ്ചിങ്ങും പൈപ്പിങ്ങും കാര്യക്ഷമമായി നടക്കുന്നില്ലെന്നും മണൽ കൊള്ള നടക്കുന്നെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സർക്കാരിന്റെ വിവിധ വികസന നേട്ടങ്ങൾ മുൻനിർത്തിയാണ് ബി.ജെ.പി പ്രചാരണം. മുതലപ്പൊഴി അടക്കം കേന്ദ്രാവിഷ്കൃത പദ്ധതികൾ തങ്ങളുടെ നേട്ടമായി ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച എൽ.ഡി.എഫ് സ്ഥാനാർഥി മനോജ് ഇടമന മംഗലപുരം ഗ്രാമപഞ്ചായത്ത് പരിധിയിലും യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് അഴൂർ പഞ്ചായത്ത് പരിധിയിലും എൻ.ഡി.എ സ്ഥാനാർഥി ബി.എസ്. അനൂപ് മംഗലപുരം പഞ്ചായത്ത് മേഖലയിലും പര്യടനം നടത്തി.
വർക്കലയിൽ ഉശിരൻ പോരാട്ടം
കഹാറും ജോയിയും ഇന്ന് പര്യടനം പൂർത്തിയാക്കും ബി.ജെ.പിക്ക് തിരിച്ചടിയായി ഫഡ്നാവിസിന്റെ തീവ്രവാദ പ്രയോഗം
വർക്കല: വോട്ടെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ വർക്കലയിൽ പോരാട്ടം കനത്തു. വർക്കല കഹാറും വി. ജോയിയും തമ്മിലെ ഉശിരൻ പോരിട്ടത്തിനാണ് ഇക്കുറി വർക്കല സാക്ഷ്യം വഹിക്കുന്നത്. ഇവർ ഞായറാഴ്ച രാത്രിയോടെ സ്ഥാനാർഥി പര്യടനം പൂർത്തിയാക്കും. വർക്കല കഹാറിന് വോട്ടുതേടി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തെലങ്കാന മന്ത്രിയുമായ മുഹമ്മദ് അസ്ഹറുദീൻ ഞായറാഴ്ച വൈകീട്ട് ആറിന് ഇടവയിൽ പര്യടനം നടത്തും. സ്ഥാനാർഥി പര്യടനങ്ങളിലെ ഓരോ പോയന്റിലും വലിയ ജനക്കൂട്ടങ്ങളാണ് എത്തുന്നത്. പ്രചാരണത്തിൽ ആരാണ് മുന്നിലെന്ന് നിലവിലെ അവസ്ഥയിൽ പറയാനാകുന്നില്ല. സ്ഥാനാർഥികളെ കാണാനും സ്വീകരിക്കാനുമെത്തുന്നവരുടെ ആവേശം അവരിലെ വോട്ട് തീരുമാനത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതുകൊണ്ടുന്നെ ആരു മുന്നിലെന്നത് പ്രവചന സാധ്യതകൾക്ക് വഴങ്ങാത്ത രാഷ്ട്രീയച്ചൂടിലാണ് വൽക്കല.
ബി.ജെ.പി സ്ഥാനാർഥിയായി സി.പി.എമ്മിൽനിന്ന് കൂറുമാറി എത്തിയ സ്മിത സുന്ദരേശന് മറ്റുള്ളലർക്കൊപ്പം എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ബി.ജെ.പിക്ക് വർക്കലയിൽ തരക്കേടില്ലാത്ത വോട്ട് ബാങ്കുണ്ട്. എങ്കിലും നിലവിൽ യു.ഡി.എഫും എൽ.ഡി.എഫും നേർക്കുനേർ പോരാട്ടമാണുള്ളത്. സ്മിത സുന്ദരേശന് സി.പി.എമ്മിൽനിന്ന് വോട്ടുകൾ ചോർന്നുകിട്ടിയേക്കുമെന്ന പ്രതീക്ഷക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസിന്റെ പ്രസംഗം തിരിച്ചടിയായി. പാപനാശം തീരം തീവ്രവാദികളാൽ നിറയുന്നെന്ന അദ്ദേഹത്തിന്റെ പ്രസംഗം വർക്കലക്കാരെ അപമാനിക്കലായെന്ന വികാരം രാഷ്ട്രീയത്തിനപ്പുറം പൊതുവിലുണ്ട്. ഇത് ബി.ജെ.പിക്ക് തിരിച്ചടിയായി.
നാവായിക്കുളം, മടവൂർ, പള്ളിക്കൽ, വെട്ടൂർ, ചെമ്മരുതി പഞ്ചായത്തുകൾ യു.ഡി.എഫ് ഭരണത്തിലാണ്. ഇടവ, ഇലകമൺ പഞ്ചായത്തുകളും നഗരസഭയും എൽ.ഡി.എഫാണ് ഭരിക്കുന്നത്. നഗരസഭയിലെ രണ്ടാമത്തെ കക്ഷി ബി.ജെ.പിയാണ്. രണ്ട് കോൺഗ്രസ് വിമതരുടെ പിന്തുണയോടെയാണ് നഗരത്തിലെ സി.പി.എം ഭരണം. കോൺഗ്രസ് വിമതരായി ജയിച്ച നടയറ കൗൺസിലർ വൈ. ഷാജഹാനും രാമന്തളി കൗൺസിലർ എസ്. പ്രസാദും വർക്കല കഹാറിനായി പ്രചാരണത്തിൽ സജീവമാണ്.വർക്കല കഹാർ ശനിയാഴ്ച നാവായിക്കുളത്താണ് പര്യടനം നടത്തിയത്. ഞായറാഴ്ച ഇടവ പഞ്ചായത്തിലാണ് പര്യടനം. വി. ജോയി ശനിയാഴ് നഗരസഭയിലെ പകുതി പ്രദേശങ്ങളിൽ പര്യടനം നടത്തി. ഞായറാഴ്ച നഗരസഭയിലെ മറ്റ് പ്രദേശങ്ങളിൽ വോട്ടർമാരെ കാണുന്നതോടെ പര്യടനം പൂർത്തിയാകും. സ്മിത സുന്ദരേശൻ ശനിയാഴ്ച വെട്ടൂർ പഞ്ചായത്തിലും നഗരസഭയിലും പര്യടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

