അഞ്ചുതെങ്ങിൽ എ.ടി.എം വഴി ഇനി കുടിവെള്ളം
text_fieldsഅഞ്ചുതെങ്ങ് പഞ്ചായത്ത് സ്ഥാപിക്കുന്ന വാട്ടർ എ.ടി.എം കിയോസ്ക്
ചിറയിൻകീഴ്: ശുദ്ധജലക്ഷാമം അതിരൂക്ഷമായ ഗ്രാമ പഞ്ചായത്തിൽ വാട്ടർ എ.ടി.എം സജ്ജമാകുന്നു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മത്സ്യഭവൻ ഓഫീസിനോട് ചേർന്നാണ് വാട്ടർ എ.ടി.എം സജ്ജമാക്കുന്നത്. ലിറ്ററിന് ഒരു രൂപ നിരക്കിലാകും കുടിവെള്ളം ലഭ്യമാകുക. 750 ലിറ്റർ കപ്പാസിറ്റിയുള്ള സംഭരണ ടാങ്കിൽ ശേഖരിക്കുന്ന വെള്ളം 20 ഇഞ്ച് ശേഷിയുള്ള മൂന്ന് ഫിൽറ്ററിലൂടെ 150 എൽ.ടിഎച്ച് വാട്ടർ എ.ടി.എം യൂനിറ്റിലൂടെ കടത്തിവിട്ടാണ് പ്രവർത്തനം.
ഈ യന്ത്രത്തിൽ നിന്ന് ചൂട്, തണുപ്പ്, സാധാരണ കുടിവെള്ളം ലഭ്യമാണ്. നാണയം ഇട്ടശേഷം കുടിവെള്ളത്തിന്റെ സ്വഭാവം തെരഞ്ഞെടുത്ത് ബട്ടൺ അമർത്തിയാൽ മെഷീന് പുറത്ത് ഘടിപ്പിച്ചിട്ടുള്ള പൈപ്പിലൂടെ വെള്ളം ശേഖരിക്കാവുന്നതാണ്. നിലവിൽ ഒരു ലിറ്റർ, അഞ്ച് ലിറ്റർ തുടങ്ങിയ ബട്ടണുകളാണ് എ.ടി.എമ്മിൽ ഉള്ളത്.
ആർ.ജെ എന്റർപ്രൈസസ് പള്ളിപ്പുറമെന്ന സ്ഥാപനമാണ് പദ്ധതിയുടെ നിർമ്മാണ-അറ്റകുറ്റപ്പണികളുടെ ചുമതല. 2025 - 2026 പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മെഷീന്റെ വരുമാനം ഗ്രാമ പഞ്ചായത്ത് എടുക്കും. നിലവിൽ ഇന്റർനെറ്റ് സി.സി.ടി.വി സൗകര്യങ്ങളും മെഷീനിൽ ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനുള്ളിലാണ് എ.ടി.എം എന്നതിനാൽ തന്നെ നിലവിൽ ഓഫീസ് സമയങ്ങളിൽ മാത്രമേ എ.ടി.എം സേവനം ലഭ്യമാകൂ എന്നാണ് സൂചന. നിലവിൽ അഞ്ചുതെങ്ങിലെ നല്ലൊരു വിഭാഗം വീടുകളിലും, വാണിജ്യ സ്ഥാപനങ്ങളിലും എത്തിക്കുന്ന 20 ലിറ്ററിന്റെ ബോട്ടിൽ കുടിവെള്ളത്തിന് 60 രൂപയാണ് ഈടാക്കുന്നത്. ജനങ്ങൾ കുടിക്കുന്നതിന് സ്വകാര്യ കമ്പനികളുടെ ബോട്ടിൽ വെള്ളം ആണ് വാങ്ങുന്നത്. പുതിയ പദ്ധതി ഇതിന് ഒരു പരിഹാരം ആകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

