മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം
text_fieldsമുതലപ്പൊഴി അപകട സ്ഥലത്ത് മത്സ്യത്തൊഴിലാളികൾ
ബോട്ടുകളിൽ എത്തി രക്ഷാപ്രവർത്തനം നടത്തുന്നു
ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴി തുറമുഖത്തിൽ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്. ബുധനാഴ്ച വൈകുന്നേരം 4.45ന് അഴിമുഖത്ത് വെച്ചാണ് രണ്ട് വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ അഘാതത്തിൽ ഒരു വള്ളം ഭാഗികമായി തകർന്നു. തകർന്ന വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി കടലിലേക്ക് തെറിച്ചുവീണു. തുമ്പ സ്വദേശി ആൽബർട്ടാണ് വെള്ളത്തിൽ വീണത്.
വള്ളം ഭാഗികമായി തകർന്നു. ഈ സമയം ഈ പ്രദേശത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളുടെയും ഫിഷറീസ് വകുപ്പ് രക്ഷാസംഘവും തീരദേശ പൊലീസും ബോട്ടുകളിലെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിൽ മത്സ്യ തൊഴിലാളിയെ കരക്കെത്തിച്ചു. ഹാർബറിൽനിന്ന് കടലിലേക്ക് പോകുകയായിരുന്ന വലിയ ബോട്ടും കടലിൽ നിന്ന് കരയിലേക്ക് വരുകയായിരുന്ന വള്ളവും തമ്മിലാണ് കൂട്ടിയിടിച്ചത്. ശക്തമായ തിരമാലകളിൽപെട്ട് വള്ളങ്ങളുടെ നിയന്ത്രണംതെറ്റിയതാണ് അപകടകാരണം.

