വയോധികയെ അടിച്ചുവീഴ്ത്തി മാല കവർന്ന യുവാവ് പിടിയിൽ
text_fieldsപരവൂർ: വയോധികയെ ആക്രമിച്ച് മാല കവർന്ന യുവാവിനെ പരവൂർ പൊലീസ് പിടികൂടി. തികല്ലമ്പലം പ്രസിഡന്‍റ് മുക്കിന് സമീപം പാണർ കോളനിയിൽ പുതുവൽവിള വീട്ടിൽ പി. കൃഷ്ണകുമാർ (26, താരിഷ്) ആണ് അറസ്റ്റിലായത്. ജനുവരി 20ന് ഉച്ചക്ക് പരവൂർ കോട്ടപ്പുറത്താണ് സംഭവം.
വീടിനോട് ചേർന്ന് കച്ചവടം നടത്തുന്ന എഴുപത്തിയാറുകാരിയുടെ രണ്ടരപവൻ സ്വർണമാലയാണ് നഷ്ടമായത്. സിഗരറ്റ് വാങ്ങിയ ശേഷം അടിച്ചുവീഴ്ത്തി സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബൈക്കിൽ രക്ഷപ്പെട്ട സംഘം ഇരവിപുരം മാടൻനട ജങ്ഷനു സമീപം കടയിൽ നിന്ന സ്ത്രീയുടെ മാലയും സമാന രീതിയിൽ കവർച്ച ചെയ്തു. കൊട്ടിയത്തെ സ്വകാര്യ ബാറിനു സമീപത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി. തുടർന്ന്, വിരലടയാള വിദഗ്ധരുടെ സഹായത്തോടെ നിരവധി കേസിൽ പ്രതിയായ യുവാക്കളെ പൊലീസ് തിരിച്ചറിയുകയായിരുന്നു.
സംഘത്തിലെ ഒരാളെ ജനുവരി 27ന് ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പൊലീസ് പിടികൂടി. ഒളിവിൽ പോയ കൃഷ്ണകുമാർ തിരികെ നാട്ടിലെത്തിയതായി ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ കല്ലമ്പലത്തിനു സമീപത്തെ വീട്ടിൽ നിന്നും പിടിയിലാകുകയായിരുന്നു. പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിതിൻ നളൻ, എ.എസ്.ഐ മാരായ പ്രമോദ്, രമേഷ്, സി.പി.ഒ മാരായ സായിറാം സുഗുണൻ, പ്രേംലാൽ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

